15-ാം വയസിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി ലാഭം നേടി; ഇൻസ്റ്റഗ്രാം പോസ്റ്ററിലൂടെ കൊച്ചിയിലെ പത്താം ക്ലാസുകാരൻ ഉണ്ടാക്കിയ വിപ്ലവം!

2 Min Read
2 Min Read

കൊച്ചി: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ചിരുന്ന പതിനഞ്ചുകാരൻ ആര്യൻ അജിത്ത് ഇന്ന് സ്വന്തം ടൂർണമെന്റുകൾ സംഘടിപ്പിച്ച് ശ്രദ്ധ നേടുകയാണ്. സ്പോർട്സിനോടുള്ള താൽപര്യവും ബിസിനസ് ചിന്തയും ചേർത്താണ് കൊച്ചി ചോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആര്യൻ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കണമെന്ന ആശയം മനസിലുറച്ചതോടെ അതിന്റെ പ്രചാരണവും രജിസ്ട്രേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആര്യൻ തന്നെയാണ് കൈകാര്യം ചെയ്തത്. മാർച്ച് 21-ന് കൊച്ചിയിൽ ടൂർണമെന്റ് നടക്കുമെന്ന് അറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചതോടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൊച്ചിയിൽ നിന്നുമാത്രമല്ല, തൃശൂരിൽ നിന്നുപോലും ടീമുകൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തി. ആകെ 16 ടീമുകളാണ് ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരച്ചത്. ഓരോ ടീമിൽ നിന്നും 1,500 രൂപ വീതം രജിസ്ട്രേഷൻ ഫീസ് ഈടാക്കി. വിജയികൾക്ക് 8,000 രൂപയും റണ്ണേഴ്സ് അപ്പിന് 4,000 രൂപയും സമ്മാനമായി നൽകി.

കാക്കനാട്ടെ ഒരു ടർഫിൽ മത്സരങ്ങൾ സംഘടിപ്പിച്ച ആര്യൻ, ലഭിച്ച രജിസ്ട്രേഷൻ തുക ഉപയോഗിച്ച് എല്ലാ ചെലവുകളും വഹിക്കുകയും ശേഷിച്ച തുക ലാഭമായി സമ്പാദിക്കുകയും ചെയ്തു. ടൂർണമെന്റ് പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നുവെന്ന് ആര്യൻ പറയുന്നു.

ആദ്യ സംരംഭത്തിന്റെ വിജയത്തിന് പിന്നാലെ ആര്യൻ ബാസ്കറ്റ്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. ഇത്തവണ ഒരു സുഹൃത്തിനെ കൂടി പങ്കാളിയാക്കി. മേയ് 24-ന് നടന്ന മത്സരത്തിൽ ഒൻപത് ടീമുകളാണ് പങ്കെടുത്തത്.

രണ്ടാമത്തെ ടൂർണമെന്റിനായി മൂന്ന് പ്രമുഖ ബ്രാൻഡുകളെ സ്പോൺസർമാരായി കണ്ടെത്താനും ആര്യന് സാധിച്ചു. ഫുട്ബോളിനെ അപേക്ഷിച്ച് ബാസ്കറ്റ്ബോളിന് പ്രാദേശിക തലത്തിൽ കുറഞ്ഞ സ്വീകാര്യതയുള്ളതിനാലാകാം ടീമുകളുടെ എണ്ണം കുറവായതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

പത്താം ക്ലാസിലെ പഠന തിരക്കുകൾ കാരണം ഇപ്പോൾ ടൂർണമെന്റുകൾക്ക് താൽക്കാലിക ഇടവേള നൽകിയിരിക്കുകയാണ്. എന്നാൽ മകന്റെ സംരംഭക സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.

English Summary:

Fifteen-year-old Aryan Ajith from Kochi successfully organised football and basketball tournaments by combining his passion for sports with entrepreneurial thinking. The Class 10 student managed registrations, marketing, sponsorships, and event execution, even earning a profit from the ventures.


Share This Article