കൊച്ചി: സംസ്ഥാനത്ത് സിസേറിയൻ പ്രസവങ്ങളുടെ നിരക്ക് ആശങ്കാജനകമായി ഉയരുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ (NFHS) റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ ആകെ പ്രസവങ്ങളിൽ 41.3 ശതമാനവും സിസേറിയൻ വഴിയാണ് നടക്കുന്നത്.
ലോകാരോഗ്യ സംഘടന (WHO) നിർദേശിക്കുന്ന 10 മുതൽ 15 ശതമാനം വരെയുള്ള നിരക്കിനെ അപേക്ഷിച്ച് കേരളത്തിലെ സിസേറിയൻ നിരക്ക് വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സംസ്ഥാനത്ത് 99.7 ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്.
സർവേ പ്രകാരം നഗരമേഖലയിൽ 41.6 ശതമാനവും ഗ്രാമീണ മേഖലയിൽ 41 ശതമാനവും സിസേറിയൻ പ്രസവങ്ങളാണ്. സ്വകാര്യ ആശുപത്രികളിൽ ഈ നിരക്ക് 42.5 ശതമാനമാണെങ്കിൽ സർക്കാർ ആശുപത്രികളിൽ 39.3 ശതമാനമാണ്.
ഗർഭധാരണ പ്രായം ഉയരുന്നത്, രക്തസമ്മർദ്ദം, പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ, പ്രസവവേദനയോടുള്ള ഭയം, സുരക്ഷിതത്വം മുൻനിർത്തിയുള്ള വൈദ്യപരമായ തീരുമാനങ്ങൾ തുടങ്ങിയവയാണ് സിസേറിയൻ വർധനവിന് കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ചില സാഹചര്യങ്ങളിൽ സിസേറിയൻ അനിവാര്യമാണെങ്കിലും മെഡിക്കൽ ആവശ്യകതയില്ലാത്ത കേസുകളിലും ഈ രീതി തിരഞ്ഞെടുക്കപ്പെടുന്നതായി റിപ്പോർട്ടിൽ സൂചനയുണ്ട്.
സംസ്ഥാനത്തെ മാതൃ-ശിശു ആരോഗ്യരംഗത്തെ പ്രവണതകൾ വിലയിരുത്തുന്നതിനും ആരോഗ്യനയങ്ങൾ രൂപീകരിക്കുന്നതിനും റിപ്പോർട്ട് പ്രധാന രേഖയായി കണക്കാക്കപ്പെടുന്നു.
English Summary:
A National Family Health Survey (NFHS) report has revealed that 41.3% of all deliveries in Kerala are performed through Caesarean section (C-section), significantly higher than the 10–15% rate recommended by the World Health Organization. The report highlights higher maternal age, lifestyle diseases, fear of labor pain, and medical risk management as key factors contributing to the increase. Both private and government hospitals show high C-section rates across urban and rural areas.
