അഗർത്തല: രാജ്യത്തിന്റെ അതിർത്തി സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘സ്മാർട്ട് ബോർഡർ പ്രോജക്ട്’ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പദ്ധതിയുടെ പൈലറ്റ് ഘട്ടം അടുത്ത വർഷം മുതൽ ബിഎസ്എഫും എസ്എസ്ബിയും കാവൽ നിൽക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിർത്തി മേഖലകളിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ ലങ്കാമുറ ബോർഡർ ഔട്ട്‌പോസ്റ്റിൽ സംഘടിപ്പിച്ച ‘പ്രഹരി സമ്മേളനത്തിൽ’ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യ, സുരക്ഷാസേന, പ്രാദേശിക ഭരണകൂടം എന്നിവയെ ഏകോപിപ്പിച്ച് ശക്തവും കാര്യക്ഷമവുമായ അതിർത്തി മാനേജ്മെന്റ് സംവിധാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി മേഖലകളിലൂടെ അനധികൃത നുഴഞ്ഞുകയറ്റമോ സുരക്ഷാ വീഴ്ചകളോ അനുവദിക്കില്ലെന്നും അതുവഴി ജനസംഖ്യാപരമായ മാറ്റങ്ങൾ ഉണ്ടാകുന്നത് തടയുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് തുടങ്ങിയ അതിർത്തി കുറ്റകൃത്യങ്ങൾ പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിലും അമിത് ഷാ പങ്കെടുത്തു. 2019 മുതൽ കേന്ദ്ര സായുധ പൊലീസ് സേനകൾ രാജ്യത്തുടനീളം 6.40 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം മുതൽ പ്രതിവർഷം രണ്ട് കോടിയിലധികം തൈകൾ നട്ടുപിടിപ്പിക്കാനുള്ള ലക്ഷ്യവും സുരക്ഷാസേനകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Union Home Minister Amit Shah said the Smart Border Project is in its final stage and will be piloted next year in seven to eight strategically important border sectors guarded by BSF and SSB. The project aims to integrate advanced technology, security forces, and local administration to strengthen border management. Shah also stressed the need to curb infiltration, drug trafficking, human trafficking, and cattle smuggling along India’s borders.
