തിരുവനന്തപുരം: കാലവർഷം സജീവമായതോടെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
നാളെയും സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്തസാധ്യതാ മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ജൂൺ 8 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ മുതൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
കനത്ത മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ടും വാഹനയാത്രക്കാർക്ക് കാഴ്ചക്കുറവും ഉണ്ടാകാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മരങ്ങൾ കടപുഴകി വീഴുന്നതുമൂലം വൈദ്യുതി തടസ്സങ്ങളും അപകടങ്ങളും സംഭവിക്കാം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
English Summary
Heavy rainfall continues across Kerala as the southwest monsoon strengthens. The India Meteorological Department (IMD) has issued an Orange Alert for eight districts: Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod. A Yellow Alert remains in force for six other districts. Authorities have warned of possible flooding, waterlogging, landslides, and uprooting of trees. Fishing has been banned along the Kerala, Lakshadweep, and Karnataka coasts until June 8. Residents in vulnerable areas have been advised to avoid unnecessary travel and follow official safety instructions.
