കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് അപ്രതീക്ഷിത ദുരനുഭവം. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് ഓടയ്ക്ക് മുകളിലിട്ടിരുന്ന കോൺക്രീറ്റ് സ്ലാബ് തകർന്ന് ഇരുപത്തഞ്ചോളം വിദ്യാർഥികൾ മാലിന്യം നിറഞ്ഞ ഓടയിലേക്ക് വീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
മാക് റോബർട്ട്ഗഞ്ചിലെ എച്ച്.എൻ. മിശ്ര പി.ജി കോളജിന് സമീപമാണ് സംഭവം. പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സമീപത്തെ ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് മുന്നിൽ വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വിദ്യാർഥികളുടെ ഭാരം താങ്ങാനാകാതെ ഓടയ്ക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബ് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ ഇരുപതിലധികം ഉദ്യോഗാർഥികൾ മാലിന്യവും ചെളിയും നിറഞ്ഞ ഓടയിലേക്ക് പതിച്ചു.
അപകടത്തിൽ പരിക്കേറ്റ നാല് പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പലരുടെയും വസ്ത്രങ്ങൾ ചെളിയിൽ മുങ്ങുകയും അഡ്മിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നനഞ്ഞ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് അവർ ആരോപിച്ചു.
അതേസമയം, അപകടം ഉണ്ടായിട്ടും നഗരത്തിലെ 19 പരീക്ഷാ കേന്ദ്രങ്ങളിലും ബിഎഡ് പ്രവേശന പരീക്ഷ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു.
English Summary:
Around 25 students appearing for a B.Ed entrance examination in Kanpur fell into a drainage canal after a concrete slab collapsed outside the exam centre. Four students were injured, while many others lost important documents in the incident. Protest erupted over alleged negligence by authorities.

