ബാങ്കോക്ക്: വടക്കൻ മ്യാൻമറിലെ ഖനന മേഖലയിലുണ്ടായ വൻ സ്ഫോടനത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 45 പേർ മരിച്ചു. എഴുപതോളം പേർക്ക് ഗുരുതര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെ ചൈനീസ് അതിർത്തിക്ക് സമീപമുള്ള കൗങ്‌ടപ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
ഖനന പ്രവർത്തനങ്ങൾക്കായി വലിയ തോതിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം തകർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നടിഞ്ഞു.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ചൈനീസ് അതിർത്തിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശമാണിത്. നിലവിൽ വിമതസംഘടനയായ താങ് നാഷനൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സ്ഫോടനം നടന്നത്.
അപകടത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
English Summary:
At least 45 people, including six children, were killed in a massive explosion in northern Myanmar. The blast occurred after a building storing explosives for mining operations collapsed. Around 70 people were injured, and rescue operations are still underway.

