തൊടുപുഴ: തൊടുപുഴയിലെ സ്മിത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഗുരുതരാവസ്ഥയിൽ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ചീഫ് നഴ്സിങ് ഓഫീസർ ലിസിമോൾ ഫിലിപ്പ്, നഴ്സിങ് സൂപ്രണ്ട് നിഷ, സ്റ്റാഫ് നഴ്സ് അൽഫോൻസ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ മാനസിക പീഡനാരോപണമാണ് ഉയർന്നിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്‌സിനെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ ചിലർ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നാണ് പരാതി. ഇതേത്തുടർന്ന് ആശുപത്രിക്കുള്ളിൽ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആരോപണം.
യുവതി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) യൂണിറ്റ് സെക്രട്ടറിയുമാണ്. ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അമിത ജോലിഭാരം, തൊഴിലിട സമ്മർദം തുടങ്ങിയ വിഷയങ്ങളിൽ ലേബർ ഓഫീസിൽ പരാതി നൽകിയവരിൽ ഒരാളായിരുന്നു. ഇതിന് പിന്നാലെ തുടർച്ചയായ മാനസിക പീഡനത്തിന് ഇരയായെന്നാണ് സംഘടനയുടെ ആരോപണം.
സംഭവത്തിൽ തൊഴിൽ പീഡനമാണ് നടന്നതെന്ന് യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് പ്രതികരിച്ചു. ആരോപണ വിധേയരായവരെ താൽക്കാലികമായി മാറ്റിനിർത്തുമെന്ന് ആശുപത്രി ഉറപ്പുനൽകിയിരുന്നുവെന്നും, എന്നാൽ അതിൽ ഒരാളെ വീണ്ടും ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
A nurse at Thodupuzha Smita Hospital allegedly attempted suicide following workplace harassment. Three hospital staff members, including the Chief Nursing Officer, have been suspended pending investigation.

