facebook

കേരളത്തിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്! മുൻ ക്വാറി ഉടമയുടെ വീട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തു

2 Min Read

കാസർകോട്: മലപ്പുറം തിരൂരങ്ങാടിയിൽ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കാസർകോടും കണ്ണൂരും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ പരിശോധന നടത്തി. ചിറ്റാരിക്കാൽ കടുമേനിയിലെ മുൻ ക്വാറി ഉടമ സജിയുടെ വീട്ടിൽ നിന്ന് അഞ്ച് ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

ഇതേ കേസുമായി ബന്ധപ്പെട്ട് ക്വാറി ഉടമയുടെ ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലും മൂന്നാം പ്രതിയായ മുഹമ്മദ് സലീമിന്റെ കുമ്പള കട്ടത്തടുക്കയിലെ വാടകവീട്ടിലും എൻ.ഐ.എ സംഘം പരിശോധന നടത്തി.

മലപ്പുറം തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാസർകോട് സ്വദേശിയുൾപ്പെടെ ഏഴ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സ്ഫോടക വസ്തുക്കളുടെ ഉറവിടം, കൈമാറ്റ ശൃംഖല, മറ്റ് ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ ഹാരിസിനെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. മുഹമ്മദ് സലീമിന് സ്ഫോടക വസ്തുക്കൾ ലഭ്യമാക്കാൻ സഹായം ചെയ്തുവെന്നാണ് സജിക്കെതിരായ പ്രധാന ആരോപണം. പ്രതികൾക്ക് ജലാറ്റിൻ സ്റ്റിക്കുകൾ ലഭിച്ചത് സജിയിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസിൽ കോഴിക്കോട് മുക്കം സ്വദേശി ടി.പി. ഷെരീഫ്, കണ്ണൂർ ചെറുപുഴ സ്വദേശി അനിൽകുമാർ, കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി നിസാർ, ഇർഷാദ്, മലപ്പുറം ചെമ്മാട് സ്വദേശി സി.ടി. ഖമറുദ്ദീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സ്ഫോടക വസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എൻ.ഐ.എ.

English Summary:

The National Investigation Agency (NIA) conducted searches in Kasaragod and Kannur in connection with the gelatin stick seizure case registered at Tirurangadi, Malappuram. Five gelatin sticks were recovered from the residence of a former quarry owner in Chittarikkal. Investigators are probing the source and distribution network of the explosives, while efforts continue to trace the absconding first accused.

Share This Article