മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് 15-കാരൻ വൈഭവ് സൂര്യവംശി. അയർലൻഡും ഇംഗ്ലണ്ടും എതിരായ ട്വന്റി-20 പരമ്പരകൾക്കും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിൽ യുവതാരത്തിന് ഇടം ലഭിച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ.
ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനായി ശ്രേയസ് അയ്യറെയും വൈസ് ക്യാപ്റ്റനായി തിലക് വർമ്മയെയും തിരഞ്ഞെടുക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംനേടി.
ഐപിഎല്ലിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് വൈഭവിനെ ദേശീയ ടീമിലേക്ക് എത്തിച്ചത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളായ വൈഭവ് ഓറഞ്ച് ക്യാപ്പടക്കമുള്ള നിരവധി വ്യക്തിഗത പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
15 വർഷവും 71 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം. ഇതോടെ 1989-ൽ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യൻ ടീമിലെത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാല റെക്കോർഡ് മറികടന്നുവെന്നാണ് വിലയിരുത്തൽ.
യുവതാരത്തിന് വിദേശ പര്യടനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി മാതാപിതാക്കളെയും ഒപ്പമയയ്ക്കാൻ ബിസിസിഐ ആലോചിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന വൈഭവിന്റെ അരങ്ങേറ്റം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
English Summary:
Teenage batting sensation Vaibhav Suryavanshi has reportedly been named in India’s squad for the Ireland and England T20 series and the upcoming Asian Games. At just 15 years of age, he is set to become the youngest player associated with the Indian national team, surpassing a long-standing record held by Sachin Tendulkar. Reports also suggest Shreyas Iyer will captain the side, with Tilak Varma as vice-captain.
