ആലപ്പുഴ: ഹരിപ്പാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭിക്ഷാടന മാഫിയയിൽ നിന്ന് 13 വയസ്സുകാരൻ രക്ഷപ്പെട്ട സംഭവത്തിൽ നിർണായക അറസ്റ്റ്. കുട്ടിയെയും സഹോദരനെയും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച ചെറിയച്ഛൻ അന്തോണിയെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുൻപാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി അനാഥാലയത്തിൽ നിന്ന് രണ്ട് കുട്ടികളെയും ഇയാൾ ഹരിപ്പാട്ടിലെത്തിച്ചത്. കേരളത്തിൽ താമസവും വിദ്യാഭ്യാസവും ഒരുക്കാമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടികളെ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ കേരളത്തിലെത്തിയ ശേഷം കുട്ടികളെ ഭിക്ഷാടനത്തിന് നിർബന്ധിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതിദിനം 1,500 രൂപ വരെ ഭിക്ഷയെടുത്ത് നൽകണമെന്നായിരുന്നു നിർദേശം. 1,000 രൂപയിൽ താഴെ ലഭിച്ചാൽ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
കടുത്ത പീഡനം സഹിക്കാനാവാതെ ദിവസങ്ങൾക്ക് മുൻപ് 13കാരൻ രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് അധികൃതർ കുട്ടിയെ കണ്ടെത്തി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കി. നിലവിൽ തൃശൂരിലെ ബാലഭവനിലാണ് കുട്ടി കഴിയുന്നത്.
ഹരിപ്പാട്ടെ ബാങ്കുകൾക്കും ഹോട്ടലുകൾക്കും മുന്നിലാണ് പ്രധാനമായും കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രദേശത്ത് മാത്രം ഇരുപതോളം കുട്ടികൾ ഇത്തരത്തിലുള്ള സംഘങ്ങളുടെ നിയന്ത്രണത്തിലുണ്ടെന്നാണ് കുട്ടിയുടെ മൊഴി.
ഇത് ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്ന സംഘടിത റാക്കറ്റിന്റെ ഭാഗമായിരിക്കാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
English Summary:
A key arrest has been made in a child begging racket operating in Haripad after a 13-year-old boy escaped and revealed details of the abuse. Police arrested the boy’s uncle, who allegedly brought him and his sibling from a Tamil Nadu orphanage with false promises of education and shelter. Investigators believe the racket may involve several children and could have wider links across Kerala.
