facebook

തെരുവുനായ ശല്യം; ഷെൽട്ടർ പദ്ധതി പാളി, പുതിയ കർമ്മപദ്ധതി

2 Min Read

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ തെരുവുനായ ശല്യം നിയന്ത്രിക്കാൻ സർക്കാർ ആവിഷ്കരിച്ച ഷെൽട്ടർ പദ്ധതി പ്രതിസന്ധിയിൽ. ആവശ്യമായ സ്ഥലം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാതെ വന്നതോടെയാണ് പദ്ധതി മുന്നോട്ടുപോകാതായത്. ഇതോടെ പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.

തെരുവുനായ ശല്യം; ഷെൽട്ടർ പദ്ധതിക്ക് തിരിച്ചടി

നൂറുകണക്കിന് നായകളെ ഒരൊറ്റ കേന്ദ്രത്തിൽ പാർപ്പിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. പരിസരവാസികളുടെ എതിർപ്പ്, സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട്, സാമ്പത്തിക പരിമിതികൾ എന്നിവയും പദ്ധതിക്ക് തടസമായി.

അതേസമയം, തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നായകളുടെ പെരുപ്പം നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ല.

19 എ.ബി.സി കേന്ദ്രങ്ങൾ മാത്രം

സംസ്ഥാനത്ത് നിലവിൽ 19 എ.ബി.സി കേന്ദ്രങ്ങളാണുള്ളത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പ് നേരിട്ടു.

ജനവാസം കുറഞ്ഞ പ്രദേശങ്ങളിൽ മാത്രം എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്.

ഓണത്തിനുശേഷം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുതിയ പദ്ധതിക്ക് അന്തിമരൂപം നൽകും. പദ്ധതി നടപ്പാക്കാൻ എൻ.ജി.ഒകളുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും സഹായവും തേടും.

ഹോട്സ്പോട്ടുകൾ കണ്ടെത്തി നിയന്ത്രണം ശക്തമാക്കും

ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയിൽ തെരുവുനായ ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകൾ കണ്ടെത്തി പ്രത്യേക നിയന്ത്രണരേഖ തയ്യാറാക്കാനാണ് പുതിയ നീക്കം.

കൂടാതെ, വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ നടപ്പാക്കും. വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കാനും നീക്കമുണ്ട്.

വളർത്തുനായകൾക്കും പുതിയ നിബന്ധനകൾ

വളർത്തുകേന്ദ്രങ്ങളിൽ നായകളുടെ പ്രജനനം, വിൽപ്പന, പ്രതിരോധ കുത്തിവയ്പ് എന്നിവയ്ക്കും പുതിയ നിബന്ധനകൾ കൊണ്ടുവരും.

പദ്ധതിയുടെ ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം. വളർത്തുനായകൾ, തെരുവുനായകൾ തുടങ്ങിയവയെ വേർതിരിച്ച് കണക്കെടുക്കാനും തീരുമാനമുണ്ടാകും.

നിയന്ത്രണത്തിനുള്ള പശ്ചാത്തലമൊരുക്കൽ, പൊതുജനങ്ങളുടെ സമീപനം, അപകടഘട്ടത്തിലെ പ്രതിരോധം തുടങ്ങിയ അഞ്ച് തലങ്ങളിലായാണ് കർമ്മപരിപാടി തയ്യാറാക്കുന്നത്.

ഒരു എ.ബി.സി കേന്ദ്രത്തിന് 28 ലക്ഷം

ഒരു എ.ബി.സി കേന്ദ്രം സ്ഥാപിക്കാൻ ഏകദേശം 28 ലക്ഷം രൂപയാണ് ചെലവ്. 152 ബ്ലോക്കുകളിലും കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുൻസർക്കാർ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.

അധിക ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ പദ്ധതി പ്രാവർത്തികമായില്ല.

സംസ്ഥാനത്ത് ഏകദേശം അഞ്ച് ലക്ഷം തെരുവുനായകളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം 9,747 നായകളെ മാത്രമാണ് വന്ധ്യംകരിച്ചത്. കൂടാതെ 53,401 നായകൾക്ക് പ്രതിരോധ കുത്തിവയ്പും നൽകി.

Share This Article