facebook

സാഹസികയാത്രക്കിടെ അഗ്നിപർവ്വത ഗർത്തത്തിൽ വീണു; ‘സ്പൈഡർമാൻ ഓഫ് യെമൻ’ യുവാവിന് ദാരുണാന്ത്യം

1 Min Read

യെമനിലെ പ്രശസ്തനായ സാഹസിക യാത്രികനും ‘സ്പൈഡർമാൻ ഓഫ് യെമൻ’ എന്ന് അറിയപ്പെട്ടിരുന്ന അൽ-ഖാഖാ ഇബ്ൻ അന്തരം (30) ദാരുണമായി മരണപ്പെട്ടു.

സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ തെക്കൻ പ്രവിശ്യയായ ധാലെയിലെ അഗ്നിപർവ്വത ഗർത്തത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

ഏകദേശം 120 മീറ്റർ താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ഇയാൾ പതിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

പാറക്കെട്ടിൽ പിടിച്ച് സാഹസികമായി കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കൈവിട്ടുപോവുകയും ഇയാൾ താഴേക്ക് പതിക്കുകയുമായിരുന്നു.
ഗർത്തത്തിന്റെ അടിത്തട്ടിലുള്ള ചൂടുള്ള സൾഫർ തടാകത്തിലേക്കാണ് അന്തരം വീണത്.

മൃതദേഹം കണ്ടെത്തുന്നതിനായി നീന്തൽ വിദഗ്ധരടങ്ങുന്ന സംഘം നാല് മണിക്കൂർ നീണ്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. ഗർത്തത്തിന് താഴെയുള്ള തടാകത്തിന്റെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ ആഴത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

കുത്തനെയുള്ള പാറക്കെട്ടുകളും അതീവ ദുർഘടമായ ഭൂപ്രകൃതിയും കാരണം രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
യെമനിലെ ദുർഘടമായ മലനിരകളിൽ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ സാഹസിക യാത്രകൾ നടത്തിയിരുന്ന ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തനായിരുന്നു.

വെറും കൈകൾ കൊണ്ട് പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ഇയാളുടെ പ്രകടനങ്ങൾ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇത്തരത്തിൽ അപകടകരമായ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ശരിയായ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി

English Summary

Al-Qaqa Ibn Antar, known as the ‘Spiderman of Yemen’, tragically died after falling into a volcanic crater while climbing without safety gear in Yemen’s Dhale province.

Share This Article