facebook

ഷിപ്പ്ബിൽഡിംഗ് ഡിപ്ലോമ കോഴ്‌സ്; കൊച്ചിൻ കപ്പൽശാലയുമായി ചേർന്ന് പുതിയ സംരംഭം

1 Min Read

ഷിപ്പ്ബിൽഡിംഗ് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കപ്പൽനിർമാണ-മാരിടൈം മേഖലയിലെ ഉയർന്ന ശമ്പളമുള്ള തൊഴിലുകൾക്കാവശ്യമായ നൈപുണ്യമുള്ള യുവാക്കളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിൻ കപ്പൽശാലയുമായി സഹകരിച്ച് പുതിയ കോഴ്‌സ് ആരംഭിക്കുന്നത്.

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ ഷിപ്പ്ബിൽഡിംഗ് ടെക്നോളജിയിൽ കേരളത്തിലെ ആദ്യ വ്യവസായ ബന്ധിത ഡിപ്ലോമ കോഴ്‌സിന് സർക്കാർ ഉത്തരവിറക്കി.

ആദ്യ ബാച്ചിൽ 60 സീറ്റ്; അടിസ്ഥാന സൗകര്യം ഒരുക്കുക കപ്പൽശാല

ആദ്യ ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. സ്വാശ്രയ കോഴ്‌സായതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ല.

കളമശ്ശേരി ഗവ. പോളിടെക്നിക്കിലെ രണ്ട് ഏക്കർ ഭൂമിയിൽ ആവശ്യമായ ലബോറട്ടറികളും ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൊച്ചിൻ കപ്പൽശാല ഒരുക്കും. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനായിരിക്കും. ഭൂമി കൈമാറാനോ പാട്ടത്തിന് നൽകാനോ കഴിയില്ല.

അക്കാദമിക് ചുമതല സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്

ഷിപ്പ്ബിൽഡിംഗ് ഡിപ്ലോമ കോഴ്‌സ് സംബന്ധിച്ച സിലബസ് തയ്യാറാക്കൽ, പാഠ്യപദ്ധതി പരിഷ്കരണം, അധ്യാപക നിയമനം, വിദ്യാർഥി പ്രവേശനം, ക്ലാസുകൾ, പരീക്ഷകൾ, സർട്ടിഫിക്കറ്റ് വിതരണം, അക്കാദമിക് ഭരണനിർവഹണം എന്നിവ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ചുമതലയായിരിക്കും.

ഇതോടെ വ്യവസായ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പരിശീലനം വിദ്യാർഥികൾക്ക് ലഭ്യമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

കൂടുതൽ വ്യവസായ ബന്ധിത കോഴ്‌സുകൾക്ക് സർക്കാർ പദ്ധതി

സർക്കാർ കൂടുതൽ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിൽ ഉറപ്പുള്ള ആധുനിക കോഴ്‌സുകൾ ആരംഭിക്കാനും പദ്ധതിയിടുന്നു. തൊഴിൽദാതാക്കൾക്ക് ആവശ്യമായ നൈപുണ്യം മുൻനിർത്തി സിലബസ് തയ്യാറാക്കുകയും പരിശീലനം നൽകുകയും ചെയ്യും.

കൂടാതെ കോളേജുകളിൽ ഇന്നൊവേഷൻ, ഇൻക്യുബേഷൻ, സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ക്യാമ്പസ് പ്ലേസ്‌മെന്റുകൾ വ്യാപിപ്പിക്കാനുമാണ് ലക്ഷ്യം.

കൊച്ചിൻ കപ്പൽശാലയുടെ പ്രത്യേകത

രാജ്യത്തെ പ്രമുഖ കപ്പൽനിർമാണ-അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലൊന്നായ ചെറുബോട്ടുകൾ മുതൽ വിമാനവാഹിനി കപ്പലുകൾ വരെ നിർമ്മിക്കുന്ന സ്ഥാപനമാണ്.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് നിർമ്മിച്ചതും ഇവിടെയാണ്. വാണിജ്യ ടാങ്കറുകൾ, ബൾക്ക് കാരിയറുകൾ, ടഗ്ഗുകൾ, പാസഞ്ചർ വെസലുകൾ, ഇലക്ട്രിക്-ഹൈഡ്രജൻ ഫെറികൾ എന്നിവയുടെ നിർമ്മാണത്തിലും കപ്പൽശാല സജീവമാണ്.

Share This Article