ഷമീമയുടെ മരണം ദുരൂഹമാണെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ഏഴുമാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഒന്നര മാസം മുൻപാണ് ഷമീമയെ മാതാവ് അസ്മ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മകളെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് നേരിട്ട് അന്വേഷിച്ച് എത്തിയപ്പോഴാണ് ഷമീമയെ അബോധാവസ്ഥയിൽ കണ്ടതെന്ന് കുടുംബം പറയുന്നു.
ഒന്നര മാസം വെന്റിലേറ്ററിൽ ചികിത്സയിൽ
അബോധാവസ്ഥയിൽ കണ്ടെത്തിയ ഷമീമയെ ഉടൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒന്നര മാസത്തോളം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. വയറ്റിൽ കറുത്ത വസ്തു കണ്ടതായും വിഷാംശം ശരീരത്തിൽ പ്രവേശിച്ചോയെന്ന് സംശയമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായി കുടുംബം പറയുന്നു. പിന്നീട് തലച്ചോറിനും ക്ഷതമുണ്ടായതായി അറിഞ്ഞെന്നും ബന്ധുക്കൾ പറയുന്നു.
ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ഷമീമയുടെ ഭർത്താവ് അരിക്കുളം സ്വദേശി നവാസ് നിരന്തരം ശാരീരികവും മാനസികവുമായ പീഡനം നടത്തിയിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഒരു വർഷം മുൻപ് ആദ്യവിവാഹത്തിലെ മകളുടെ മുന്നിൽവച്ച് ഷമീമയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കുടുംബം ആരോപിക്കുന്നു. ഓട്ടോയുമായി എത്തി ഷമീമയെ ഇടിച്ചുവീഴ്ത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കൈകൾക്കും കാലുകൾക്കും ഗുരുതര പരുക്കേറ്റിരുന്നുവെന്നും അവർ പറയുന്നു.
അന്ന് കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും പിന്നീട് ഭർത്താവിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
സഹോദരനെ മർദിച്ചതായും പരാതി
ഷമീമ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഭർത്താവ് മൂന്ന് ദിവസം എത്തിയെങ്കിലും പിന്നീട് വന്നില്ലെന്നും കുടുംബം പറയുന്നു.
മരണത്തിന് ഏതാനും ദിവസം മുൻപ് ഷമീമയുടെ ഫോൺ കൈവശം വച്ച സഹോദരൻ ഷാമിലിനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊയിലാണ്ടി കുറുവങ്ങാട് വച്ച് മർദിച്ചതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ഷാമിലിന്റെ കൈയ്ക്ക് നാല് തുന്നലുകൾ വേണ്ടിവന്നതായും കുടുംബം പറയുന്നു.
ഷമീമയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നൽകിയ ബന്ധുവിന് ഭർത്താവ് വധഭീഷണി മുഴക്കിയതായും കുടുംബം ആരോപിച്ചിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്
നവാസും ഷമീമയും പ്രണയിച്ച് വിവാഹിതരായവരാണ്. യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷമീമയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
