facebook

യുവതിയെ ക്രൂരമായി പീഡിപ്പിച്ച സെക്യൂരിറ്റി തെളിവെടുപ്പിനിടെ പോലീസിന്റെ തോക്ക് തട്ടിയെടുത്തു; വെടിവച്ചു വീഴ്ത്തി പോലീസ്

2 Min Read

ഗുജറാത്തിലെ അഹമ്മദാബാദിൽ യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് വീണു. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ പൊലീസിന്റെ സർവീസ് റിവോൾവർ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിനാണ് പൊലീസ് വെടിവെച്ചത്. യുപിയിലെ ഹർദോയ് സ്വദേശിയായ ധരം സിങ് എന്ന പ്രതിയെയാണ് പൊലീസ് സാഹസികമായി കീഴടക്കിയത്. അക്രമത്തിനിടെ പ്രതി ഉതിർത്ത വെടിയേറ്റ് ഒരു പൊലീസ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്.

ഇരയായ യുവതിയുടെ പക്കൽ നിന്നും പ്രതി കവർച്ച ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താനായി ഹെബത്പൂർ മേഖലയിൽ മഹസർ തയാറാക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇവിടെവെച്ച് ഇൻസ്പെക്ടറുടെ സർവീസ് പിസ്റ്റൾ തട്ടിയെടുക്കാൻ പ്രതി ശ്രമിക്കുകയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരുമായി കയ്യാങ്കളിയ ഉണ്ടാവുകയും ചെയ്തു. ഈ പിടിവലിക്കിടയിൽ തോക്കിൽ നിന്നും വെടിപൊട്ടുകയും വീരേന്ദ്ര സിങ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ശരീരത്തിൽ വെടിയേൽക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ കീഴടക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് പ്രതിയുടെ കാലിലേക്ക് വെടിവെച്ചതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ശിവം വർമ വ്യക്തമാക്കി.

പരുക്കേറ്റ പ്രതി ധരം സിങ്ങിനെയും വെടിയേറ്റ കോൺസ്റ്റബിൾ വീരേന്ദ്ര സിങ്ങിനെയും ഉടൻ തന്നെ സോളയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും അടിയന്തര വൈദ്യസഹായം നൽകിയതായും രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്കെതിരെ നരഹത്യാ ശ്രമത്തിന് ബോഡക്ദേവ് പൊലീസ് സ്റ്റേഷനിൽ പുതിയ കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഹമ്മദാബാദിലെ ആനന്ദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ടെറസിൽ വച്ചാണ് സെക്യൂരിറ്റി ജീവനക്കാരനായ പ്രതി യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ശനിയാഴ്ച രാത്രി ടെറസിൽ നടക്കാനിറങ്ങിയ യുവതിയെ പ്രതി കഴുത്തുഞെരിച്ച് ബോധംകെടുത്താൻ ശ്രമിച്ച ശേഷമാണ് ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് ഇവരെ ടെറസിൽ പൂട്ടിയിട്ട ശേഷം ഫോണും കവർന്ന് കടന്നുകളയുകയായിരുന്നു. കേവലം നാല് ദിവസം മുൻപ് മാത്രമാണ് ഇയാൾ ഇവിടെ ജോലിയിൽ പ്രവേശിച്ചിരുന്നത്.

സംഭവത്തിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്നുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാവിലെ 8 മണിയോടെ ഹെബത്പൂരിനു സമീപം വച്ചാണ് ഇയാളെ വലയിലാക്കിയത്. തുടർന്ന് പ്രാഥമിക വൈദ്യപരിശോധനയും ഡിഎൻഎ സാംപിൾ ശേഖരണവും പൂർത്തിയാക്കിയ ശേഷം നടത്തിയ തെളിവെടുപ്പിനിടെയാണ് ഈ വെടിവയ്പ്പുണ്ടായത്.

Share This Article