അവധിക്ക് പകരം വേണ്ടത് മികച്ച ശുചിമുറികളും ആരോഗ്യസൗകര്യങ്ങളും; മെൻസ്ട്രുവൽ ഡിഗ്നിറ്റി ചോദ്യം ചെയ്ത് ആർ. ശ്രീലേഖ

2 Min Read
2 Min Read

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. ആർത്തവം സ്ത്രീകളുടെ സ്വാഭാവിക ജൈവപ്രക്രിയയാണെന്നും അതിന്റെ പേരിൽ പ്രത്യേക അവധി അനുവദിക്കുന്നത് സ്ത്രീകളെ ദുർബലരായി ചിത്രീകരിക്കുമോയെന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

സാമൂഹിക മാധ്യമത്തിലൂടെയാണ് ആർ. ശ്രീലേഖ പ്രതികരിച്ചത്. എല്ലാ മാസവും മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുന്ന നയം പെൺകുട്ടികളെ കൂടുതൽ ശക്തരാക്കുമോ അതോ അബലകളാക്കുമോ എന്ന ചോദ്യമാണ് അവർ ഉയർത്തിയത്.

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും ചിലർക്ക് ഈ സമയത്ത് വേദനയും അസ്വസ്ഥതകളും ഉണ്ടാകുമെങ്കിലും അതിനെ അതിജീവിക്കുന്നതാണ് സ്ത്രീകളുടെ ശക്തിയെന്നും അവർ അഭിപ്രായപ്പെട്ടു. താനും വിദ്യാർത്ഥിനിയായിരുന്ന കാലത്തും പിന്നീട് ഐ.പി.എസ് പരിശീലന ഘട്ടത്തിലും ആർത്തവത്തെ തുടർന്ന് പഠനമോ പരിശീലനമോ ഒഴിവാക്കിയിട്ടില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.

എല്ലാ മാസവും ആർത്തവ അവധി എടുക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ വിദ്യാർത്ഥിനികളുടെ സ്വകാര്യത ബാധിക്കപ്പെടുമെന്ന ആശങ്കയും അവർ പങ്കുവെച്ചു. ഇതാണോ യഥാർത്ഥ ‘മെൻസ്ട്രുവൽ ഡിഗ്നിറ്റി’യെന്ന് ചോദിച്ച ശ്രീലേഖ, അവധിക്ക് പകരം സ്കൂളുകളിലും കോളജുകളിലും മികച്ച ശുചിമുറികൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ആവശ്യമായ ആരോഗ്യസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്നും അഭിപ്രായപ്പെട്ടു.

സ്ത്രീ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഇത്തരം സൗകര്യങ്ങൾ ഗുണകരമാകുമെന്നും, ആർത്തവത്തിന്റെ പേരിൽ ഒരു ദിവസം പോലും പഠനം നഷ്ടപ്പെടുത്താൻ മിക്ക പെൺകുട്ടികളും ആഗ്രഹിക്കില്ലെന്നും അവർ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥിനികൾക്കുള്ള ആർത്തവ അവധി പ്രഖ്യാപനം വിദ്യാഭ്യാസ മേഖലയിലും സാമൂഹിക രംഗത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അനുകൂലവും പ്രതികൂലവുമായി വിവിധ അഭിപ്രായങ്ങൾ ഉയരുന്നതിനിടെ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

English Summary:

Former DGP and BJP councillor R. Sreelekha has questioned the UDF government’s decision to grant three days of menstrual leave per month to schoolgirls. In a social media post, she argued that menstruation is a natural biological process and expressed concern that special leave could portray girls as weak. She suggested improving school facilities such as clean toilets and sanitary napkin vending machines instead of introducing menstrual leave.

Share This Article