തിങ്കളാഴ്ച കല്യാണം, ശനിയാഴ്ച വധശ്രമം! കാമുകിയെ കൊന്ന് തള്ളാൻ നോക്കിയ കോതമംഗലത്തെ ബാങ്ക് ജീവനക്കാരൻ ജയിലിലേക്ക്

1 Min Read
1 Min Read

കിഴക്കമ്പലം: വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട യുവതിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശിയായ നിതിൻ (31) ആണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഇയാളുടെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.

പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിന് പ്രണയബന്ധമുണ്ടായിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായി നിതിന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതോടെ ബന്ധം അവസാനിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതർക്കത്തിനിടെ യുവതിയെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതി മരിച്ചെന്ന് കരുതിയ പ്രതി കൈകൾ കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ പുലർച്ചെയോടെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞ് സമീപത്തെ കോഴിപ്പിള്ളി ജംഗ്ഷനിലെത്തി നാട്ടുകാരുടെ സഹായം തേടി. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കുന്നത്തുനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടിയെടുത്തിരിക്കുന്നത്.

English Summary:

A 31-year-old man from Kothamangalam was arrested for allegedly attempting to murder a woman after she asked to end their relationship. The accused allegedly assaulted and strangled the woman, believing she had died, and abandoned her in a bushy area near Kothamangalam. The victim later regained consciousness, reached a nearby junction, and sought help from locals before filing a police complaint. The accused was arrested by Kunnathunadu Police.

Share This Article