വിവാഹത്തിന്റെ സന്തോഷനിമിഷങ്ങൾ പിന്നിട്ട് മണിക്കൂറുകൾക്കകം മലയാളി യുവാവിന്റെ ജീവിതം ദാരുണമായി അവസാനിച്ചു. അമേരിക്കയിലെ ജോർജിയയിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ പ്രവാസി മലയാളിയായ ഡേവ് ഫിജി മരിച്ചു. അപകടത്തിൽ ഭാര്യ ജെസ്നി സാം ഗുരുതരമായി പരുക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂവാറ്റുപുഴ സ്വദേശികളായ ഫിജി ജോർജ്–ഫേബ ഫിജി ദമ്പതികളുടെ മകനാണ് ഡേവ്. തലവടി സ്വദേശികളായ സാം ഉമ്മൻ–ഷീല സാം ദമ്പതികളുടെ മകളാണ് ജെസ്നി. ഇരുകുടുംബങ്ങളും വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്.
ഡെൽറ്റ എയർലൈൻസിലെ ഫസ്റ്റ് ഓഫിസറായ ഡേവും നഴ്‌സായ ജെസ്നിയും തമ്മിലുള്ള വിവാഹം മേയ് 29-ന് ജോർജിയയിലെ ഡോസൺവില്ലെയിൽ വെച്ച് നടന്നു. നാനൂറിലേറെ അതിഥികൾ പങ്കെടുത്ത ചടങ്ങിന് ശേഷം അറ്റ്ലാന്റയിലെ ഹോട്ടലിലേക്ക് പോകുന്നതിനായാണ് ഇരുവരും ഹെലികോപ്റ്ററിൽ യാത്ര തിരിച്ചത്.
ഡേവിന് വിവാഹസമ്മാനമായി കമ്പനി നൽകിയ ഹെലികോപ്റ്ററിലായിരുന്നു ഈ യാത്ര. എന്നാൽ പറന്നുയർന്ന് അധികസമയം കഴിയുന്നതിന് മുമ്പ് ഹെലികോപ്റ്റർ ഡോസൺ കൗണ്ടിയിലെ വനമേഖലയിൽ തകർന്നുവീണു. അപകടത്തിൽ ഡേവും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തിന് മുമ്പ് മോശം കാലാവസ്ഥയെക്കുറിച്ച് ഡേവ് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് പിതാവ് ജോർജ് ഫിജി വെളിപ്പെടുത്തി. ദൃശ്യപരത വളരെ കുറവാണെന്നും ഇത്തരം സാഹചര്യങ്ങളിൽ സാധാരണ വിമാനങ്ങൾ പറത്താറില്ലെന്നും ഡേവ് പൈലറ്റിനോട് പറഞ്ഞിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജെസ്നിയെ രക്ഷാപ്രവർത്തകർ കണ്ടെത്താൻ മണിക്കൂറുകൾ വൈകി. തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആറുമണിക്കൂറോളം കിടന്ന ശേഷമാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലുകൾക്ക് പൊട്ടലില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വലിയ മാനസികാഘാതത്തിലാണ് ജെസ്നിയെന്നാണ് വിവരം.
കുട്ടിക്കാലം മുതൽ പൈലറ്റാകണമെന്ന സ്വപ്നം കണ്ട ഡേവ് കഠിനാധ്വാനത്തിലൂടെയാണ് ഡെൽറ്റ എയർലൈൻസിൽ ഫസ്റ്റ് ഓഫിസറായി എത്തിയത്. മകന്റെ വിവാഹദിവസത്തിലെ സന്തോഷം ഇപ്പോഴും മനസ്സിലുണ്ടെന്ന് പിതാവ് ജോർജ് ഫിജി പറഞ്ഞു.
അപകടത്തെക്കുറിച്ച് യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ദുരന്തത്തിന് കാരണമായോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം.
English Summary
Malayali expatriate Dave Fiji was killed in a helicopter crash in Georgia, USA, just hours after his wedding. His wife, Jesni Sam, survived with injuries and was rescued after spending nearly six hours at the crash site. Dave, a First Officer with Delta Air Lines, had reportedly expressed concerns about poor weather conditions before the flight. US authorities have launched an investigation into the crash.

