കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച 22-കാരൻ അർജുൻ നാല് പേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമായി. ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവ ദാനം ചെയ്താണ് അർജുൻ മരണാനന്തരവും ജീവൻ പകർന്നത്.
അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ അർജുനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയ ശ്രമങ്ങൾ ഫലിക്കാതെ മെയ് 31-ന് വൈകിട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മകന്റെ വേർപാടിന്റെ ദുഃഖത്തിനിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സമ്മതം നൽകിയതോടെയാണ് നാല് രോഗികൾക്ക് പുതിയ ജീവിതസാധ്യത ലഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ)യുടെ ഏകോപനത്തിലായിരുന്നു അവയവ കൈമാറ്റ നടപടികൾ. ആസ്റ്റർ മിംസിലെയും മറ്റ് ആശുപത്രികളിലെയും വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ സംഘമാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ വിജയകരമായി ശേഖരിച്ചത്.
അർജുന്റെ ഹൃദയം എയർ ആംബുലൻസിലൂടെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48-കാരന് എത്തിച്ചു. ഒരു വൃക്ക കണ്ണൂർ ആസ്റ്റർ മിംസിലെ രോഗിക്കാണ് നൽകിയത്. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് കൈമാറിയത്.
എയർ ആംബുലൻസും ഗ്രീൻ ചാനൽ സംവിധാനവും ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ ഉപയോഗിച്ചാണ് അവയവങ്ങൾ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. ഒരു ജീവന്റെ നഷ്ടം നാല് കുടുംബങ്ങൾക്ക് പ്രതീക്ഷയായി മാറിയ മനുഷ്യത്വത്തിന്റെ വലിയ ഉദാഹരണമാണിതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
English Summary
A 22-year-old Kannur native, Arjun, who suffered brain death following a road accident, donated his heart, liver, and two kidneys, giving a new lease of life to four patients. The organ retrieval and transplantation process was coordinated by K-SOTTO and carried out by a team of specialist doctors. His heart was airlifted to Aster Medcity Kochi, while the kidneys and liver were allocated to patients in Kannur and Kozhikode hospitals.

