കൊച്ചി: ഇടപ്പള്ളിക്ക് സമീപം സ്വകാര്യ ബാങ്ക് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ബുധനാഴ്ച ഉച്ചയോടെയാണ് ജോലി സംബന്ധമായ ആവശ്യത്തിനായി പുറത്തിറങ്ങിയ ജീവനക്കാരിക്ക് നേരെ സംഭവമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ
ഹെൽമെറ്റ് ധരിച്ച രണ്ടുപേർ ബൈക്കിലെത്തിയെന്നാണ് യുവതിയുടെ പരാതി. പിന്നിലിരുന്നയാൾ തോക്ക് യുവതിയുടെ ശരീരത്തോട് ചേർത്ത ശേഷം, ഒരു സ്ത്രീയുടെ പേര് പറഞ്ഞ് ഇവരാണോ എന്ന് ചോദിച്ചു.
തുടർന്ന് മറ്റൊരു യുവാവിന്റെ പേര് പരാമർശിച്ച് ഇയാൾ വാങ്ങിയ സാധനം ഉടൻ തിരിച്ചുനൽകണമെന്നും അല്ലാത്തപക്ഷം കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
കൂർത്ത ആയുധം ഉപയോഗിച്ചും ആക്രമിച്ചെന്ന് പരാതി
ഭീഷണിക്കിടെ കൂർത്ത ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. താൻ പ്രതികൾ പറഞ്ഞ സ്ത്രീയല്ലെന്ന് യുവതി മറുപടി നൽകിയതോടെ ഇരുവരും ബൈക്കിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തെ തുടർന്ന് ഭീതിയിലായ ബാങ്ക് ജീവനക്കാരി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഭീഷണിക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു
