തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി സർക്കാർ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കാൻ മന്ത്രി എ.പി. അനിൽകുമാർ കലക്ടർമാർക്ക് നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും നദീതീരങ്ങളിലും പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴ: ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രത നിർദേശം
ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അവിടെ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
അതേസമയം, മലയോര പ്രദേശങ്ങളിലേക്കും നദീതീരങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനും കലക്ടർമാർക്ക് നിർദേശം നൽകി.
8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
41,773 പേർ ദുരിതാശ്വാസ ക്യാംപുകളിൽ
സംസ്ഥാനത്ത് നിലവിൽ 440 ദുരിതാശ്വാസ ക്യാംപുകളിലായി 41,773 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിൽ 133, ആലപ്പുഴയിൽ 127, കോട്ടയത്ത് 139 ക്യാംപുകളാണ് പ്രവർത്തിക്കുന്നത്.
ഇടുക്കി 17, എറണാകുളം ഒന്ന്, തൃശൂർ അഞ്ച്, മലപ്പുറം അഞ്ച്, കോഴിക്കോട് അഞ്ച്, വയനാട് നാല്, കണ്ണൂർ രണ്ട്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ക്യാംപുകളുടെ എണ്ണം.
മഴക്കെടുതിയിൽ 28 മരണം; നാല് പേരെ കാണാതായി
മഴക്കെടുതിയിൽ ഇതുവരെ 28 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മൂന്ന്, കൊല്ലം ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, ഇടുക്കി രണ്ട്, പാലക്കാട് ഒന്ന്, മലപ്പുറം നാല്, കോഴിക്കോട് രണ്ട്, കണ്ണൂർ നാല് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണസംഖ്യ.
കൂടാതെ നാല് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മഴക്കെടുതിയിൽ 70 വീടുകൾ പൂർണമായും 764 വീടുകൾ ഭാഗികമായും തകർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
10 ജില്ലകളിൽ യെലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
36,829 കർഷകരെ മഴ ബാധിച്ചു
മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്ത് 36,829 കർഷകരെ ബാധിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. 3264 ഹെക്ടർ കൃഷിയിടങ്ങൾക്കാണ് നാശമുണ്ടായത്.
കണക്കുപ്രകാരം 99.29 കോടിയുടെ വിളനാശമാണ് സംഭവിച്ചത്. അടിയന്തര സഹായമായി കേന്ദ്രസർക്കാരിനോട് 110 കോടി രൂപ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
