facebook

രാജ്ഘട്ടിൽ പ്രാർഥനയും പുഷ്പാർച്ചനയും; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ സമരം തുടരുന്നു

1 Min Read

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നാളെയും തുടരും. സമരത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലെത്തി.

ഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം നേതാക്കൾ പ്രാർഥന നടത്തി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിലെ കോണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്ററന്റിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷമാണ് എംപിമാരും നേതാക്കളും രാജ്ഘട്ടിലെത്തിയത്. മൂന്ന് ബസുകളിലായാണ് സംഘം രാജ്ഘട്ടിലേക്ക് എത്തിയത്.

രാജ്ഘട്ടിൽ കനത്ത സുരക്ഷ

പ്രതിപക്ഷ നേതാക്കൾ രാജ്ഘട്ടിലേക്ക് നീങ്ങുമ്പോൾ വഴിയിലുടനീളം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എന്നാൽ എംപിമാരെ പൊലീസ് തടഞ്ഞില്ല. അതേസമയം, പാർട്ടി പ്രവർത്തകരെ രാജ്ഘട്ടിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിഭൂമിയിലേക്ക് പ്രവേശിച്ച് ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തി പ്രാർഥിച്ചു. സുരക്ഷയുടെ ഭാഗമായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.

രാഷ്ട്രപതിയെ കാണാനും നീക്കം

പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം രാഷ്ട്രപതിയെ കാണാനുള്ള നീക്കവും നടത്തുന്നുണ്ടെന്നാണ് വിവരം. പത്ത് നേതാക്കൾക്ക് മാത്രമേ രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാൻ സാധ്യതയുള്ളൂവെന്നാണ് സൂചന.

അങ്ങനെയെങ്കിൽ രാഷ്ട്രപതിയുടെ നിർദേശത്തിന് അനുസരിച്ച് പത്ത് നേതാക്കൾ മാത്രം കൂടിക്കാഴ്ച നടത്താമെന്ന ആലോചനയും നേതാക്കൾക്കിടയിലുണ്ട്. അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ഇന്ത്യ സഖ്യത്തിന് പിന്തുണയുമായി ഡൽഹിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

English SummaryOpposition parties will continue their protest demanding the resignation of Chief Election Commissioner Gyanesh Kumar. Rahul Gandhi-led opposition MPs visited Rajghat and offered floral tributes and prayers at Mahatma Gandhi’s memorial. The INDIA bloc is also considering meeting the President, while TMC leader Mamata Banerjee is expected to arrive in Delhi in support of the alliance.

Share This Article