മാസപ്പടി കേസ്: വീണ വിജയന്റെ ലോക്കർ പരിശോധിക്കാൻ ഇഡി; സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കം; ചോദ്യം ചെയ്യലിനായി ഉടൻ സമൻസ് അയക്കും

2 Min Read
2 Min Read

കൊച്ചി: സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വീണ വിജയനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുമായി ബന്ധമുള്ള ലോക്കർ പരിശോധിക്കാൻ ഇഡി ഒരുങ്ങുന്നതായാണ് വിവരം.

ഇഡി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുക. അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും ഇഡി കടക്കുമെന്നാണ് റിപ്പോർട്ടുകൾ. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന.

അടുത്തിടെ വീണയുടെ ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യംചെയ്യലിനായി ഉടൻ സമൻസ് നൽകാനും സാധ്യതയുണ്ട്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) റിപ്പോർട്ട് പ്രകാരം, വീണ വിജയന്റെയും എക്‌സാലോജിക് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായിരുന്നു സി.എം.ആർ.എൽ. 2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ ഐ.ടി കൺസൾട്ടന്റ് എന്ന നിലയിൽ വീണയ്ക്ക് 2.07 കോടി രൂപ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 2017-18, 2018-19 സാമ്പത്തിക വർഷങ്ങളിൽ എക്‌സാലോജിക്കിന് 71 ലക്ഷം രൂപയും ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

വീണയും സി.എം.ആർ.എല്ലും തമ്മിലുള്ള ഇമെയിൽ ആശയവിനിമയങ്ങളിൽ കൂടുതലും പണമിടപാടുകളുമായി ബന്ധപ്പെട്ട ഇൻവോയിസുകൾ മാത്രമായിരുന്നുവെന്നും സേവനങ്ങളെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ സി.എം.ആർ.എല്ലിനെതിരായ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള നിയമനടപടികളിലും കോടതിവിധിക്കായി കാത്തിരിക്കുകയാണ് ബന്ധപ്പെട്ട ഏജൻസികൾ. കേസിലെ തുടർനടപടികൾ വരും ദിവസങ്ങളിൽ നിർണായകമാകും.

English Summary:

The Enforcement Directorate (ED) is reportedly preparing to inspect a bank locker linked to Veena Vijayan as part of its money laundering investigation related to CMRL and Exalogic transactions. The agency has already collected banking and financial records and may soon issue a summons for questioning. Reports indicate that attachment of assets could be considered as the probe progresses, while financial dealings highlighted in the SFIO report remain under scrutiny.

Share This Article