ബെൽഫാസ്റ്റിൽ യുവാവിന് നേരെ തെരുവിൽ ക്രൂരമായ വധശ്രമം; യുവാവിന്റെ ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ധീരത

2 Min Read

നോർത്ത് ബെൽഫാസ്റ്റിലെ കിന്നൈർഡ് അവന്യൂവിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈകി ഉണ്ടായ ക്രൂരമായ തെരുവ് ആക്രമണം പ്രാദേശിക സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നാൽപ്പത് വയസുകാരനായ ഒരു യുവാവിനെയാണ് തെരുവിൽ വെച്ച് അതീവ ഗുരുതരമായ രീതിയിൽ അക്രമി നേരിട്ടത്.

ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഈ ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് മുപ്പത് വയസ് പ്രായമുള്ള ഒരു സൊമാലിയൻ സ്വദേശിയെ വടക്കൻ അയർലൻഡ് പൊലീസ് സംഭവസ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കിന്നൈർഡ് അവന്യൂവിനെ ഭീതിയിലാഴ്ത്തിയ ഈ സംഭവം അരങ്ങേറിയത്. വഴിപോക്കനായ യുവാവിനെ അക്രമി ക്രൂരമായി നിലത്തുതള്ളിയിട്ട് തലങ്ങും വിലങ്ങും കുത്തുന്നതിന്റെയും കഴുത്തറുക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്റ്റാൻലി ടൈപ്പ് യൂട്ടിലിറ്റി കത്തി ഉപയോഗിച്ചായിരുന്നു ഈ മാരകമായ ആക്രമണം.

ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മുഖത്തും കഴുത്തിലും പുറത്തുമാണ് മാരകമായ പരുക്കുകളുള്ളത്. ഈ ക്രൂരത കണ്ടുനിന്ന പ്രദേശവാസികളുടെ പെട്ടെന്നുള്ള ഇടപെടലും ധീരതയുമാണ് ഇരയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.

അക്രമം കണ്ട് ഓടിയെത്തിയ നാട്ടുകാരിൽ ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന ‘ഹർൽ’ എന്ന ഐറിഷ് കായിക വിനോദത്തിന് ഉപയോഗിക്കുന്ന സ്റ്റിക്ക് ഉപയോഗിച്ച് അക്രമിയെ ശക്തമായി അടിച്ചുവീഴ്ത്തുകയും അയാളുടെ കൈയിലുണ്ടായിരുന്ന മാരകായുധം പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ ആളുകൾ ഒത്തുകൂടുകയും പൊലീസ് എത്തുന്നതുവരെ അക്രമിയെ അവിടെത്തന്നെ തടഞ്ഞുവെക്കുകയും ചെയ്തു.

നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ഈ അസാധാരണ ധീരതയെയും അവസരോചിതമായ ഇടപെടലിനെയും പൊലീസ് ഉദ്യോഗസ്ഥരും ഭരണകൂടവും അഭിനന്ദിച്ചു. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.

അക്രമി യുവാവിന്റെ തലയിൽ കത്തികൊണ്ട് പലതവണ കുത്തുന്ന ദൃശ്യങ്ങൾ കണ്ട് വലിയ പ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉയരുന്നത്. ഈ ക്രൂരമായ ആക്രമണത്തെ തുടർന്ന് നോർത്ത് ബെൽഫാസ്റ്റ് പ്രദേശവാസികൾക്കിടയിൽ കടുത്ത ഭീതിയും ആകുലതയും നിലനിൽക്കുന്നുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാമർ ഈ തെരുവ് ആക്രമണത്തെ അങ്ങേയറ്റം അപലപനീയം എന്നാണ് വിശേഷിപ്പിച്ചത്. കുറ്റവാളിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കൗൺസിലർ ജോർദാൻ ഡൊറാൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കളും സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും പ്രദേശത്തെ ക്രമസമാധാന നില ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

English Summary

A 40-year-old man was brutally attacked with a utility knife in North Belfast on Monday night. A 30-year-old Somalian national was arrested for attempted murder. Brave residents intervened using a ‘hurl’ stick to disarm the attacker, saving the victim’s life. UK Prime Minister Keir Starmer condemned the sickening incident.

Share This Article