റാന്നിയിൽ ഒളിഞ്ഞുനോട്ടം ആരോപിച്ച് മധ്യവയസ്കന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം: വിവസ്ത്രനാക്കി കയറുകൊണ്ട് കെട്ടിയിട്ടു മർദിച്ചു

1 Min Read

റാന്നിയിലെ പുല്ലമ്പള്ളി സ്വദേശിയായ വർഗീസ് മാത്യു (ബിജു–56) എന്നയാൾക്കാണ് വീടിന് സമീപം ഒളിഞ്ഞുനോക്കിയെന്ന ആരോപണത്തെ തുടർന്ന് ക്രൂരമായ ആൾക്കൂട്ട മർദനമേറ്റത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ തന്റെ വീട്ടിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ചെമ്പൻമുഖത്ത് വെച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. അതിക്രൂരമായ രീതിയിൽ ഇയാളെ വിവസ്ത്രനാക്കിയ ശേഷം കയ്യും കാലും കഴുത്തും കയറുകൊണ്ട് കൂട്ടിക്കെട്ടിയിട്ടായിരുന്നു ആൾക്കൂട്ടത്തിന്റെ ക്രൂര മർദനം.

മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീകരത ജനങ്ങൾ അറിഞ്ഞത്. അക്രമികൾ തന്നെയാണ് ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

ചോരയൊലിപ്പിച്ചു നിലത്തു കിടന്ന ഇയാളുടെ മുഖത്ത് ക്രൂരമായി അടിക്കുന്നതും കൂട്ടമായി ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. താൻ മോഷ്ടിക്കാൻ വന്നതല്ലെന്ന് വർഗീസ് മാത്യു കരഞ്ഞുപറയുന്നുണ്ടെങ്കിലും അക്രമികൾ അത് വകവെക്കാതെ മർദനം തുടരുകയായിരുന്നു.

ആൾക്കൂട്ട മർദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചോരയിൽ കുളിച്ചു കിടന്ന ഇയാളെ റാന്നി പൊലീസെത്തിയാണ് ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരുക്കുകൾ ഗുരുതരമായതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തലയ്ക്ക് ഉൾപ്പെടെ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ കോളജിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ആശുപത്രിയിൽ വെച്ച് മൊഴി എടുക്കാനെത്തിയ റാന്നി പൊലീസിനോട് തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്നാണ് പരുക്കേറ്റ ബിജു ആദ്യം അറിയിച്ചത്.

എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അക്രമികൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വീട്ടിൽ ഒളിഞ്ഞു നോക്കിയെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജുവിനെതിരെയുള്ള കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary

A 56-year-old man was brutally stripped, tied up, and assaulted by a mob in Ranni over alleged voyeurism. Police shifted the severely injured victim to Kottayam Medical College.

Share This Article