ബ്രിക്സ് ഉച്ചകോടിക്കായി ന്യൂഡൽഹി കനത്ത സുരക്ഷയിൽ. ഭാരത് മണ്ഡപത്തിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്നലെ ഡൽഹിയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് നാളെ ഇന്ത്യയിലെത്തും.
ബ്രിക്സ് ഉച്ചകോടിക്ക് കനത്ത സുരക്ഷ
ലോകനേതാക്കളുടെ സാന്നിധ്യം കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭാരത് മണ്ഡപമാണ് 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന വേദി.
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷീ ജിൻപിംഗ് ഇന്ത്യയിലെത്തുന്നത്. നയതന്ത്ര, ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമം ആരംഭിച്ച ശേഷമുള്ള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷീ കൂടിക്കാഴ്ച നടത്തും.
മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്
ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, വ്യാപാരം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും. ഇന്ത്യ-റഷ്യ ബന്ധത്തിലെ പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉയർന്നുവരും.
പശ്ചിമേഷ്യൻ പ്രതിസന്ധിയിലും ശ്രദ്ധ
പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.
സൗദി അറേബ്യ, യു.എ.ഇ, ഇറാൻ എന്നീ രാജ്യങ്ങൾ ഒരേ വേദിയിലെത്തുന്ന ഉച്ചകോടിയിലേക്ക് ലോകത്തിന്റെ ശ്രദ്ധയും നീളുകയാണ്. ഇറാന് പിന്തുണ നൽകുന്ന റഷ്യയുടെയും ചൈനയുടെയും ഭരണാധികാരികളുടെ സാന്നിധ്യവും നിർണായകമാണ്.
പ്രതിരോധശേഷിയും സുസ്ഥിരതയും പ്രധാന ചർച്ച
ഇന്ത്യയുടെ അധ്യക്ഷയിൽ നാലാം തവണ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന പ്രമേയം പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക എന്നതാണ്.
വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനം, അന്താരാഷ്ട്ര തലത്തിലെ പ്രാതിനിധ്യം ശക്തമാക്കൽ, വ്യാപാര തടസങ്ങൾ ഒഴിവാക്കുന്നതിനായി പ്രാദേശിക കറൻസികളിലുള്ള വ്യാപാരം എന്നിവയും ചർച്ചയാകും.
കൂടാതെ, സുസ്ഥിര വികസനം, കാലാവസ്ഥാ വിഷയങ്ങൾ തുടങ്ങിയവയും ഉച്ചകോടിയുടെ പരിഗണനയിലുണ്ടാകും.
പ്രമുഖ ലോകനേതാക്കൾ ഡൽഹിയിൽ
ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവർ പങ്കെടുക്കും.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും ഉച്ചകോടിയിലെ പ്രധാന സാന്നിധ്യങ്ങളാണ്.
