facebook

ബിരിയാണിക്ക് ഇനി 250 രൂപ വരെ; ഹോട്ടലുകളിൽ വില കുത്തനെ കൂട്ടി

2 Min Read

കോട്ടയം: അരിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിച്ചുയർന്നതോടെ കേരളത്തിലെ ഹോട്ടലുകളിലും കേറ്ററിംഗ് സ്ഥാപനങ്ങളിലും ബിരിയാണി വില വർധന. സാധാരണ ഹോട്ടലുകളിൽ ഉപയോഗിക്കുന്ന കോല അരിക്ക് കിലോയ്ക്ക് 30 രൂപ വർധിച്ച് വില 100 രൂപ കടന്നു. വിവാഹ സൽക്കാരങ്ങളിലും വലിയ ഹോട്ടലുകളിലും ഉപയോഗിക്കുന്ന കൈമ അരിയുടെ വില കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലെത്തി. ഇതോടെ ബിരിയാണിയുടെ വില 250 രൂപ വരെയായി ഉയർന്നു.

ബിരിയാണി വില വർധന: 100 രൂപയിൽ നിന്ന് 150 രൂപയിലേക്ക്

ചെറുകിട ഹോട്ടലുകളിൽ നേരത്തേ 100 മുതൽ 110 രൂപ വരെ വിലയുണ്ടായിരുന്ന ബിരിയാണിക്ക് ഇപ്പോൾ 150 രൂപയായി. മറ്റ് ഹോട്ടലുകളിൽ 175 രൂപയായിരുന്ന വില 200 മുതൽ 250 രൂപ വരെയായി ഉയർന്നു.

കോഴിയിറച്ചിയുടെ വിലയിലും ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. നിലവിൽ കിലോയ്ക്ക് 140 മുതൽ 170 രൂപ വരെയാണ് വില. ക്രിസ്മസ് സീസൺ ആരംഭിക്കുന്നതോടെ കോഴിവില ഇനിയും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

ആട്ടിറച്ചിക്ക് കിലോയ്ക്ക് 1,100 മുതൽ 1,200 രൂപ വരെയും മാട്ടിറച്ചിക്ക് 480 മുതൽ 500 രൂപ വരെയുമാണ് വില. മുട്ട ഒന്നിന് എട്ടു രൂപ വരെയെത്തി.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഹോട്ടലുകൾക്ക് തിരിച്ചടി

പാചകത്തിന് ആവശ്യമായ മറ്റ് സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. നെയ്യ് കിലോയ്ക്ക് 750 രൂപയിൽ നിന്ന് 850 രൂപയായി. ചെറിയ ഉള്ളിക്ക് 160 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമായി വില ഉയർന്നു.

ഇഞ്ചി, ഏലം, കുരുമുളക്, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്കും പാചക എണ്ണയ്ക്കും വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില വർധിച്ചു.

ഇതോടെ ബിരിയാണിയുടെ വില ഉയർത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഹോട്ടലുടമകളും കേറ്ററിംഗ് സ്ഥാപനങ്ങളും പറയുന്നത്.

കേറ്ററിംഗ് മേഖലയിൽ പ്രതിസന്ധി രൂക്ഷം

അരിയുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും വില വർധിച്ചതോടെ നേരത്തേ വിവാഹസൽക്കാരങ്ങൾ ബുക്ക് ചെയ്തവരോട് കരാർ തുക കൂട്ടിനൽകണമെന്ന് കേറ്ററിംഗ് സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ പലരും ചടങ്ങിലേക്ക് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണം കുറച്ചു.

ചെറിയ ചടങ്ങുകൾക്ക് കേറ്ററിംഗ് ഒഴിവാക്കി നേരിട്ട് പാചകം ചെയ്യിക്കുന്ന രീതിയും വ്യാപകമാകുകയാണ്. ഇതോടെ വിളമ്പുകാർ, സഹായികൾ, പാചകത്തൊഴിലാളികൾ എന്നിവർക്കും തൊഴിൽ പ്രതിസന്ധി നേരിടേണ്ടിവരുന്നു.

ഡിസംബർ 25 മുതൽ കേറ്ററിംഗ് നിരക്കിൽ 20 ശതമാനം വർധന

ഡിസംബർ 25 മുതൽ ഭക്ഷണനിരക്കിൽ 20 ശതമാനം വർധന നടപ്പാക്കുമെന്ന് കേരള കേറ്ററിംഗ് അസോസിയേഷൻ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര കാലയളവിൽ ‘നല്ല ഭക്ഷണത്തിന് നല്ല വില’ എന്ന ബോധവത്കരണ പരിപാടിയും സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കും.

വിലക്കയറ്റം മൂലം കേറ്ററിംഗ് മേഖല വലിയ പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.പി. ബാബു പറഞ്ഞു. 20 ശതമാനം നിരക്ക് വർധിപ്പിച്ചാലും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണെന്നും ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Article