തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഭരണസംവിധാനത്തിൽ സുതാര്യത ഉറപ്പാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു. ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം, ഉദ്യോഗസ്ഥരുടെ പ്രവർത്തനം, പരാതികൾ പരിഹരിക്കുന്നതിലെ വേഗം എന്നിവ വിലയിരുത്താൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കും. ഭരണപരിഷ്കാര കമ്മിഷന്റെ പുതിയ നിർദേശങ്ങളിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.
എം.കെ. മുനീർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ പ്രവർത്തനപരിധി (ടേംസ് ഓഫ് റഫറൻസ്) നിശ്ചയിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് എ.ഐ അധിഷ്ഠിത ഭരണപരിഷ്കാരങ്ങൾ പരാമർശിക്കുന്നത്.
സർക്കാർ സേവനങ്ങളിൽ എ.ഐ വഴി ജനസംതൃപ്തി പരിശോധിക്കും
സർക്കാർ നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ടോയെന്ന് എ.ഐ സംവിധാനം ഉപയോഗിച്ച് വിലയിരുത്തും. സേവനങ്ങളുടെ സുതാര്യത, ലഭ്യത, ഗുണനിലവാരം, കാര്യക്ഷമത എന്നിവയ്ക്കൊപ്പം സമയബന്ധിതമായ ലഭ്യതയും പരിശോധിക്കും.
ഇതിനായി പൗരന്മാരുടെ സംതൃപ്തി അളക്കാൻ കഴിയുന്ന സൂചികകൾ ഉൾപ്പെടുത്തും. കൂടാതെ, സർക്കാർ സേവനങ്ങളിലെ പോരായ്മകളും ഉദ്യോഗസ്ഥരുടെ വീഴ്ചകളും സംബന്ധിച്ച് പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സംവിധാനവും ഒരുക്കും.
ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളും എ.ഐ പരിശോധിക്കും
ഇ-ഗവേണൻസിന്റെയും ഭരണനവീകരണത്തിന്റെയും നിലവാരം വിലയിരുത്താൻ എ.ഐയും ഡാറ്റാ അനലിറ്റിക്സും ഉപയോഗിക്കും. ഫയൽ നടപടികൾ, ആസൂത്രണം, ഇ-ഓഫീസ് പ്രവർത്തനങ്ങൾ എന്നിവയിലും എ.ഐ അനലിറ്റിക്സ് ഉൾപ്പെടുത്തും.
അതേസമയം, സ്വകാര്യത, സുതാര്യത, മാനുഷിക മേൽനോട്ടം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിയായിരിക്കും സംവിധാനം നടപ്പാക്കുക. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ പരിശോധിക്കുന്നതിനും ഓഡിറ്റ്, മേൽനോട്ടം, പരാതി പരിഹാരം എന്നിവയ്ക്കും എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ കൊണ്ടുവരും.
ഇതിനായി പ്രത്യേക എ.ഐ നയവും നിയമചട്ടക്കൂടും രൂപീകരിക്കാനും നിർദേശമുണ്ട്.
അഴിമതിയും സേവനങ്ങളിലെ കാലതാമസവും തടയും
സർക്കാർ ഓഫീസുകളിൽ കാലതാമസം, അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്ക് വഴിയൊരുക്കുന്ന നടപടിക്രമങ്ങൾ കണ്ടെത്തി പരിഷ്കരിക്കും. ഇതിനായി ശക്തമായ നിയന്ത്രണ സംവിധാനങ്ങളും നിരീക്ഷണ മാർഗങ്ങളും ഒരുക്കും.
വിജിലൻസ് സംവിധാനവും നടപടിക്രമങ്ങളും ലഘൂകരിക്കും. കൂടാതെ, സർക്കാർ കരാറുകളിൽ സൂക്ഷ്മപരിശോധന ശക്തമാക്കുകയും സംഭരണ കരാറുകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുകയും ചെയ്യും.
നിയമനവും സ്ഥലംമാറ്റവും ഉൾപ്പെടെ പരിശോധിക്കും
സർക്കാർ ജീവനക്കാരുടെ മാനവവിഭവശേഷി മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും കമ്മിഷൻ നിർദേശിക്കുന്നു. നിയമനം, കേഡർ ഘടന, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, പ്രവർത്തന വിലയിരുത്തൽ തുടങ്ങിയ മേഖലകൾ വിശദമായി പരിശോധിക്കും.
നിലവിലുള്ള നയങ്ങൾക്കും നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മാനുവൽ ഓഫ് ഓഫീസ് പ്രൊസീജ്യറും റൂൾസ് ഓഫ് ബിസിനസും പരിഷ്കരിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനവും വിലയിരുത്തും
പൊതുമേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ഗ്രേഡിംഗ് സംവിധാനം കൊണ്ടുവരും. വിവിധ സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുകയും ഭരണപരവും സാമ്പത്തികവുമായ അധികാരപരിധി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുകയും ചെയ്യും.
ഡാറ്റാ അനലിറ്റിക്സ്, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ, സൈബർ സുരക്ഷ, നിർമ്മിതബുദ്ധി തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സർക്കാർ സംവിധാനത്തിൽ കൂടുതൽ പ്രയോജനപ്പെടുത്താനും നിർദേശമുണ്ട്.
ഭാവിയിലെ വെല്ലുവിളികളും ഭരണപരിഷ്കാര കമ്മിഷൻ പരിശോധിക്കും
സംസ്ഥാനത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കമ്മിഷന്റെ പരിശോധനാ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയോജനങ്ങളുടെ എണ്ണം വർധിക്കുന്നത്, കുടിയേറ്റം, നഗരവൽക്കരണം, ദുരന്ത-കാലാവസ്ഥാ പ്രതിരോധശേഷി എന്നിവ ഇതിൽപ്പെടുന്നു.
പൊതുജനാരോഗ്യം, ഹരിത സമ്പദ്വ്യവസ്ഥ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, ധനകാര്യ ഫെഡറലിസം തുടങ്ങിയ വിഷയങ്ങളിലെ വെല്ലുവിളികളും പരിശോധിച്ച് ആവശ്യമായ നടപടികൾ ശുപാർശ ചെയ്യാൻ സർക്കാർ കമ്മിഷനോട് നിർദേശിച്ചിട്ടുണ്ട്.
English Summary:
The Kerala government plans to introduce Artificial Intelligence (AI) systems to modernise governance and improve public services. The proposed reforms, outlined in the terms of reference of the Administrative Reforms Commission chaired by M.K. Muneer, include monitoring service quality, transparency, efficiency and citizen satisfaction. AI-based systems will also help assess officials’ decisions, identify service delays, address complaints and strengthen audits and oversight. The commission will examine measures to curb corruption, nepotism and procedural delays while improving e-governance, human resource management and coordination between departments and local bodies. It will also study emerging challenges such as ageing, migration, urbanisation, climate resilience and public health.
