facebook

ജഡ്ജി നിയമനത്തിലെ പ്രാതിനിധ്യക്കുറവ്; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

2 Min Read

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന ലഭിക്കുന്നതിലൂടെ പട്ടികജാതി, പട്ടികവർഗം, ഒബിസി, ന്യൂനപക്ഷം, സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.

ജഡ്ജി നിയമനത്തിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കണം

വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും ജുഡീഷ്യറിയിലെ സാമൂഹിക പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ കേന്ദ്രസർക്കാർ, പാർലമെന്റ്, ജുഡീഷ്യറി എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിനും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രീം കോടതിയിൽ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചെന്നാണ് ഗവായ് ചൂണ്ടിക്കാട്ടുന്നത്.

ഹൈക്കോടതി നിയമനങ്ങളിൽ പൊതുവിഭാഗത്തിന് മുൻതൂക്കം

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2025 മാർച്ചിൽ കേന്ദ്ര നിയമമന്ത്രി രാജ്യസഭയിൽ നൽകിയ കണക്കുകളും ഗവായ് കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 മുതൽ നിയമിതരായ 715 ഹൈക്കോടതി ജഡ്ജിമാരിൽ നാലിൽ മൂന്നുപേരും പൊതുവിഭാഗത്തിൽ നിന്നുള്ളവരാണ്.

ഇക്കാലയളവിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് 22 പേരും പട്ടികവർഗത്തിൽനിന്ന് 16 പേരും ഒബിസി വിഭാഗത്തിൽനിന്ന് 89 പേരും ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് 37 പേരുമാണ് നിയമിതരായത്. 2021 ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 80 ശതമാനത്തോട് അടുത്തതായും കത്തിൽ പറയുന്നു.

ഒബിസി വിഭാഗത്തിന് 14 ശതമാനത്തിൽ താഴെ പ്രാതിനിധ്യം

ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ വരുമെന്നാണ് കണക്കാക്കപ്പെടുന്ന ഒബിസി വിഭാഗത്തിന് ജഡ്ജി നിയമനങ്ങളിൽ 14 ശതമാനത്തിൽ താഴെ മാത്രമാണ് പ്രാതിനിധ്യമെന്ന് ഗവായ് ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് പ്രഫ. ജോർജ് ഗാഡ്ബോയ്സ് നടത്തിയ പഠനവും അദ്ദേഹം കത്തിൽ പരാമർശിച്ചിട്ടുണ്ട്.

നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ആശങ്ക

ജഡ്ജിമാരുടെ സ്ഥലംമാറ്റം, നിയമന ശുപാർശകൾ തുടങ്ങിയ കാര്യങ്ങളിൽ സമീപകാലത്ത് യോഗ്യതയ്ക്കപ്പുറം മറ്റ് ഘടകങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന ആശങ്കയും മുൻ ചീഫ് ജസ്റ്റിസ് ഉന്നയിച്ചിട്ടുണ്ട്.

കൊളീജിയത്തിന്റെ ശുപാർശകൾക്ക് ജഡ്ജി നിയമന പ്രക്രിയയിൽ നിർണായക സ്ഥാനമുണ്ടെങ്കിലും സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ഭരണഘടനാപരമായ അധികാരം രാഷ്ട്രപതിക്കാണെന്നും കത്തിൽ ഓർമിപ്പിക്കുന്നു.

കോടതികളിലെ സാമൂഹിക പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സമഗ്രമായ ഇടപെടൽ വേണമെന്നാണ് ബി.ആർ. ഗവായിയുടെ ആവശ്യം.

Share This Article