പട്ന: ഒരു വിവാഹാഘോഷം കാരണം പത്തുകിലോമീറ്ററിലേറെ നീണ്ട ഗതാഗതക്കുരുക്ക്. ബിഹാർ എംഎൽഎ അനന്ത് സിങ് എന്ന ഛോട്ടെ സർക്കാറിന്റെ മകളുടെ വിവാഹമാണ് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ലക്ഷക്കണക്കിന് ആളുകൾ എത്തിയ ആഘോഷത്തിൽ കുതിരയോട്ട മത്സരം കാണാൻ വൈദ്യുതി ടവറുകളിൽ വരെ ആളുകൾ കയറി. തിരക്ക് നിയന്ത്രണാതീതമായതോടെ മത്സരത്തിന്റെ ഫൈനൽ മാറ്റിവച്ചു.
അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിന് ജനസാഗരം
ബിഹാറിലെ പട്നയ്ക്കടുത്തുള്ള ലാഡ്മ ഗ്രാമത്തിലെ തറവാട്ടുവീട്ടിൽ വച്ചായിരുന്നു അനന്ത് സിങ്ങിന്റെ മകൾ ശിവാംഗി സിങ്ങിന്റെയും ഋഷികേശ് കുമാറിന്റെയും വിവാഹം. ബുധനാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.
ബോളിവുഡ് സിനിമകളെയും ടെലിവിഷൻ പരമ്പരകളെയും വെല്ലുന്ന തരത്തിലുള്ള ആഡംബര പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവർക്കും പ്രവേശനം അനുവദിച്ചിരുന്നു.
നാല് ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുതിരകളെ പങ്കെടുപ്പിച്ച് വൻ കുതിരയോട്ട മത്സരവും സംഘടിപ്പിച്ചു.
ഒന്നാം സമ്മാനം മഹീന്ദ്ര ഥാർ; കുതിരയോട്ടത്തിന് വൻ തിരക്ക്
വിവാഹാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുതിരയോട്ട മത്സരം. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് മഹീന്ദ്ര ഥാർ വാഹനം സമ്മാനമായി നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ബിഹാറിന്റെയും ഝാർഖണ്ഡിന്റെയും വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ മത്സരം കാണാനെത്തി. ജനത്തിരക്ക് വർധിച്ചതോടെ പലരും മത്സരം കാണുന്നതിനായി സമീപത്തെ വൈദ്യുതി ടവറുകളിൽ വരെ കയറിപ്പറ്റി.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ കുതിരയോട്ട മത്സരത്തിന്റെ ഫൈനൽ മാറ്റിവയ്ക്കുകയായിരുന്നു.
പത്തുകിലോമീറ്ററിലേറെ ഗതാഗതക്കുരുക്ക്; സ്പീക്കറും കുടുങ്ങി
വിവാഹാഘോഷത്തിനെത്തിയവരുടെ തിരക്ക് നദ്വാനിലെ ഗതാഗതത്തെ പൂർണമായും ബാധിച്ചു. ഉച്ചമുതൽ തന്നെ പ്രദേശത്തേക്കുള്ള റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
ചടങ്ങിലേക്ക് പോകുന്നവരും മടങ്ങുന്നവരും ഒരേ റോഡിൽ എത്തിയതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾക്ക് മുന്നോട്ടുനീങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായി. മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയ ചിലർ യാത്ര ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു.
പത്തുകിലോമീറ്ററിലേറെ നീണ്ട ഗതാഗതക്കുരുക്കിൽ ബിഹാർ നിയമസഭാ സ്പീക്കർ പ്രേം കുമാറിന്റെ വാഹനവ്യൂഹവും കുടുങ്ങി. ഇതിനിടെ, ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് വരന്റെ വിവാഹഘോഷയാത്ര നദ്വാനിലെത്തിയത്.
രാഷ്ട്രീയ പ്രമുഖരും വിവാഹാഘോഷത്തിൽ
നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ് ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
അതേസമയം, വിവാഹശേഷം നവദമ്പതികൾക്ക് താമസിക്കുന്നതിനായി ബിഹാതയിൽ പുതിയ വീടും നിർമ്മിച്ചിട്ടുണ്ട്.
English Summary:
A lavish wedding hosted by Bihar MLA Anant Singh for his daughter Shivangi Singh attracted huge crowds to Ladma village near Patna. The celebrations led to a traffic jam stretching over 10 kilometres in Nadwan. A horse-racing competition, featuring a Mahindra Thar SUV as the first prize, was postponed after crowds became uncontrollable. People even climbed electricity towers to watch the event. Bihar Assembly Speaker Prem Kumar’s convoy was also caught in the traffic jam. Former BJP MP Brij Bhushan Sharan Singh was among the prominent political figures who attended the wedding.
