ഗാസിയാബാദ്: ഭർത്താവിന്റെ സ്വത്തും ലൈഫ് ഇൻഷുറൻസ് തുകയും സ്വന്തമാക്കാൻ കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവ് സുശീൽ കുമാർ ഭട്നാഗർ, മകൻ, അനന്തരവൻ എന്നിവരെ ലക്ഷ്യമിട്ട് ഭാര്യ രേണു ഭട്നാഗർ ഭക്ഷണത്തിൽ ഈയം കലർത്തി നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറു കോടി രൂപയോളം വിലമതിക്കുന്ന ബിസിനസും രണ്ടു കോടി രൂപയുടെ ഇൻഷുറൻസ് തുകയുമാണ് ലക്ഷ്യമിട്ടതെന്നാണ് ആരോപണം.
ഭർത്താവിനും മകനും അനന്തരവനും ആരോഗ്യപ്രശ്നങ്ങൾ
വസുന്ധര സ്വദേശിയായ വ്യവസായി സുശീൽ കുമാർ ഭട്നാഗറിന് തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
പിന്നീട് മകനും അനന്തരവനും സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ഇതോടെ സംശയം തോന്നിയ സുശീൽ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി.
പരിശോധനയിൽ ശരീരത്തിൽ അപകടകരമായ അളവിൽ ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെയാണ് ഭക്ഷണത്തിലൂടെ വിഷാംശം ശരീരത്തിലെത്തിയതാകാമെന്ന സംശയം ശക്തമായത്.
ഭക്ഷണത്തിൽ ഈയം കലർത്തിയെന്ന് പരാതി
തുടർന്ന് സുശീൽ പൊലീസിൽ പരാതി നൽകി. ഭാര്യ രേണുവും കുടുംബാംഗങ്ങളും ചേർന്ന് തന്നെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം.
ഇന്ദിരാപുരം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടു മാസത്തിനു ശേഷമാണ് രേണുവിനെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആറുകോടിയുടെ ബിസിനസും ഇൻഷുറൻസ് തുകയും ലക്ഷ്യം
ചോദ്യം ചെയ്യലിൽ രേണു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭർത്താവിന്റെ മരണത്തോടെ ഏകദേശം ആറു കോടി രൂപ വിലമതിക്കുന്ന ട്രാവൽ ഏജൻസി ബിസിനസും രണ്ടു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് കൊലപാതകശ്രമം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇൻഷുറൻസ് പോളിസിയിൽ രേണുവായിരുന്നു നോമിനി. ഇതും അന്വേഷണത്തിൽ പ്രധാനപ്പെട്ട വിവരമായി മാറിയിട്ടുണ്ട്.
ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം
ഭക്ഷണത്തിൽ ഈയം കലർത്തി നൽകി കുടുംബാംഗങ്ങളെ ഇല്ലാതാക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
ഭർത്താവിന്റെ സ്വത്തും ഇൻഷുറൻസ് തുകയും ലക്ഷ്യമിട്ടാണ് വിഷപ്രയോഗം നടത്തിയതെന്ന ആരോപണം ഗാസിയാബാദിൽ വലിയ ചർച്ചയായിട്ടുണ്ട്.
English Summary:
A woman named Renu Bhatnagar has been arrested in Ghaziabad, Uttar Pradesh, for allegedly poisoning her husband, son and nephew by mixing lead into their food. Police said the case came to light after her husband, businessman Sushil Kumar Bhatnagar, developed persistent health problems. Medical tests reportedly detected dangerously high levels of lead in his body. The investigation suggests that the alleged motive was to acquire a travel agency business worth around Rs 6 crore and a life insurance payout of Rs 2 crore. Renu was reportedly the nominee on the insurance policy. Police are investigating whether other people were involved in the alleged conspiracy.
