facebook

ചൈനീസ് ഉപഗ്രഹങ്ങൾ പഹൽഗാമിൽ നിരീക്ഷണം നടത്തി? റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തൽ

3 Min Read

കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മുൻപ് ചൈനീസ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ അസാധാരണമായി ഭ്രമണപഥം മാറ്റിയിരുന്നതായി റിപ്പോർട്ട്.

ആക്രമണത്തിന് ദിവസങ്ങൾക്കുമുൻപ് തുടങ്ങിയ ഈ നീക്കങ്ങൾ ആക്രമണം നടന്ന ദിവസവും തുടർന്നെന്നാണ് പുറത്തുവന്ന വിവരം.

ബെംഗളൂരു ആസ്ഥാനമായ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ ദിഗന്തരയുടെ വിശകലനത്തെ ഉദ്ധരിച്ച് ‘ദി പ്രിന്റ്’ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ചൈനീസ് ഉപഗ്രഹങ്ങൾ പഹൽഗാമിന് മുകളിൽ; ആറുദിവസം മുൻപേ നീക്കം

ദിഗന്തരയുടെ സ്‌പേസ് ഡൊമെയ്ൻ അവയർനസ് വിശകലനമനുസരിച്ച്, പഹൽഗാം ആക്രമണത്തിന് കുറഞ്ഞത് ആറുദിവസം മുൻപെങ്കിലും ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

ഏപ്രിൽ 16-ന് യായോഗാൻ-35 01എ എന്ന ഉപഗ്രഹം ഭ്രമണപഥത്തിൽ മാറ്റം വരുത്തി. ഇതോടെ പഹൽഗാം മേഖലയ്ക്ക് മുകളിലൂടെ ഉപഗ്രഹത്തിന് കടന്നുപോകാനുള്ള അവസരങ്ങൾ ഇരട്ടിയായി.

അതേസമയം, ആക്രമണം നടന്ന ഏപ്രിൽ 22-ന് യായോഗാൻ-39 01ബി, യായോഗാൻ-39 01സി എന്നീ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ മാറ്റം വരുത്തി. വൈകീട്ട് 5.14-നും 5.59-നുമായിരുന്നു ഈ നീക്കങ്ങൾ.

നിരീക്ഷണത്തിന്റെ ലക്ഷ്യം എന്ത്? ബന്ധം സ്ഥിരീകരിച്ചിട്ടില്ല

ചൈനീസ് ഉപഗ്രഹങ്ങളുടെ ഈ നീക്കങ്ങളും പഹൽഗാം ഭീകരാക്രമണവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് റിപ്പോർട്ട് തെളിയിക്കുന്നില്ല.

എന്നാൽ സുരക്ഷാസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനോ ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴികൾ വിലയിരുത്താനോ ലക്ഷ്യമിട്ടുള്ള നിരീക്ഷണമായിരിക്കാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ഭൂമിയിൽ ഉപഗ്രഹം എവിടെ, എപ്പോൾ കടന്നുപോകുന്നു എന്നതിൽ മാറ്റം വരുത്തുന്നതിനായി ഭ്രമണപഥത്തിലോ ദിശയിലോ വേഗത്തിലോ നടത്തുന്ന നിയന്ത്രിത ക്രമീകരണത്തെയാണ് മാന്വറിങ് എന്നു വിളിക്കുന്നത്.

ഗ്രൗണ്ട് സ്റ്റേഷനുകളിൽനിന്നുള്ള കമാൻഡുകൾ അനുസരിച്ച് ഉപഗ്രഹത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചാണ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്.

ഇതിലൂടെ പ്രത്യേക പ്രദേശങ്ങൾക്ക് മുകളിലൂടെ കൂടുതൽ തവണ കടന്നുപോകാനും നിരീക്ഷണത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കാനും സാധിക്കും.

എസ്.ജെ-20 ഉപഗ്രഹവും ഇന്ത്യൻ മഹാസമുദ്ര നിരീക്ഷണവും

ഏപ്രിൽ 16-ന് എസ്.ജെ-20 എന്ന ചൈനീസ് ഉപഗ്രഹവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ഇന്ത്യൻ മഹാസമുദ്രത്തെയും നിരീക്ഷിക്കാൻ അനുയോജ്യമായ സ്ഥാനത്തായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ നിരീക്ഷണം ആർക്കുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല.

ഭീകരാക്രമണത്തിന് ശേഷവും ചൈനീസ് ഉപഗ്രഹങ്ങളുടെ നിരീക്ഷണം തുടർന്നതായാണ് ദിഗന്തരയുടെ വിശകലനം സൂചിപ്പിക്കുന്നത്. ഏപ്രിൽ 29-ന് 37 തവണയും ഏപ്രിൽ 30-ന് 31 തവണയും ഉപഗ്രഹങ്ങൾ ഭൂമിയുടെ ഉപരിതലം കൂടുതൽ വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്ന രീതിയിൽ താഴ്ന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു.

2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ പാകിസ്താൻ വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണത്തിനും ചൈനയുടെ സഹായമുണ്ടായിരുന്നുവെന്ന കാര്യവും ഈ വെളിപ്പെടുത്തലിനൊപ്പം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടത് 26 വിനോദസഞ്ചാരികൾ

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് ആഴ്ചകൾക്കുമുൻപ് പഹൽഗാം മേഖലയിലെ ഉപഗ്രഹചിത്രങ്ങൾക്കായി അമേരിക്ക ആസ്ഥാനമായുള്ള ഒരു സാറ്റലൈറ്റ് കമ്പനിക്ക് തുടർച്ചയായി അഭ്യർഥനകൾ ലഭിച്ചിരുന്നതായും ‘ദി പ്രിന്റ്’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ചൈനീസ് ഉപഗ്രഹ റിപ്പോർട്ടിൽ കോൺഗ്രസിന്റെ വിമർശനം

പഹൽഗാമിന് മുകളിൽ ചൈനീസ് ഉപഗ്രഹങ്ങൾ നിരീക്ഷണം നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ സൈനികതന്ത്രങ്ങൾക്ക് ചൈനയുടെ സഹായമുണ്ടായിരുന്നുവെന്ന് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിങ് നടത്തിയ പരാമർശത്തോട് വിയോജിച്ച മുൻ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന്റെ നിലപാടിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദ്യം ചെയ്തു.

പാക് സൈനിക നീക്കങ്ങളിൽ ചൈനയുടെ സഹായം കാര്യമായിരുന്നില്ലെന്നാണ് ജനറൽ അനിൽ ചൗഹാൻ കഴിഞ്ഞ ഓഗസ്റ്റ് 25-ന് വ്യക്തമാക്കിയിരുന്നത്. പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഇപ്പോൾ എന്താണ് പറയുന്നതെന്നും ജയറാം രമേശ് ചോദിച്ചു.

English Summary:

Chinese Earth-observation satellites reportedly made unusual orbital manoeuvres in the days leading up to the April 22, 2025 Pahalgam terror attack. According to an analysis by Bengaluru-based space surveillance startup Digantara, cited by ThePrint, multiple Yaogan satellites adjusted their orbits to increase passes over the region. The report also mentions continued satellite activity after the attack. However, it does not establish a direct link between the satellite movements and the terror attack. The revelations have triggered criticism from Congress, with Jairam Ramesh questioning earlier remarks about China’s assistance to Pakistan during Operation Sindoor.

Share This Article