facebook

കോടതിയിൽ ജീവപര്യന്തം ശിക്ഷ; അഞ്ചാം നിലയിൽനിന്ന് ചാടി പ്രതി ജീവനൊടുക്കി

3 Min Read

മുംബൈ: സഹോദരിയെ കൊലപ്പെടുത്തുകയും ഭാര്യയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ കോടതിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി പ്രതി മരിച്ചു. നവി മുംബൈയിലെ ബേലാപൂർ ജില്ലാ സെഷൻസ് കോടതി കെട്ടിടത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. നാഗേഷ് ബാബു ലാഡ് എന്നയാളാണ് മരിച്ചത്. ശിക്ഷാവിധിക്ക് പിന്നാലെ തലോജ ജയിലിലേക്ക് തിരികെ കൊണ്ടുപോകാനുള്ള നടപടികൾക്കിടെയാണ് സംഭവം.

ജീവപര്യന്തം ശിക്ഷയ്ക്ക് പിന്നാലെ കോടതിക്കെട്ടിടത്തിൽനിന്ന് ചാടി

ബേലാപൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകമാണ് നാഗേഷ് കോടതിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് ചാടിയത്.

ശുചിമുറിയിൽ പോകണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ട ഇയാൾ പിന്നീട് പെട്ടെന്ന് ഓടി താഴേക്ക് ചാടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ നാഗേഷിനെ ഉടൻ ബേലാപുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം

2019ൽ സഹോദരി സുനിതയെ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് കോടതി നാഗേഷിന് ശിക്ഷ വിധിച്ചത്.

സഹോദരിയുടെ കൊലപാതകത്തിന് ജീവപര്യന്തം തടവും ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ പത്തുവർഷത്തെ കഠിനതടവുമാണ് കോടതി വിധിച്ചത്.

ഭാര്യയ്ക്ക് സഹോദരീഭർത്താവുമായി ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.

ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം സഹോദരിയുടെ വീട്ടിലെത്തി

2019 ജൂലൈ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നവി മുംബൈയിലെ ഭാര്യവീട്ടിലെത്തിയ നാഗേഷ് ഭാര്യയെ കത്തികൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു.

പിന്നീട് സഹോദരി സുനിതയുടെ വീട്ടിലെത്തി. കുടുംബപ്രശ്നം പരിഹരിക്കാനും സഹോദരന്റെ ഭാര്യയെ സഹായിക്കാനും സുനിത ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പ്രകോപിതനായ നാഗേഷ് സുനിതയുടെ നെഞ്ചിൽ പലതവണ കുത്തി. ഗുരുതരമായി പരിക്കേറ്റ സുനിത അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു.

24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു

സംഭവത്തിനുശേഷം ഒളിവിൽപോയ നാഗേഷിനെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. തുടർന്ന് ഏകദേശം ഏഴുവർഷത്തോളം ഇയാൾ ജയിലിലായിരുന്നു.

കേസിന്റെ വിചാരണയിൽ തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു. ചില സാക്ഷികൾ പിന്നീട് മൊഴിമാറ്റിയെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച കത്തി, രക്തംപുരണ്ട വസ്ത്രങ്ങൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ തുടങ്ങിയവ പ്രതിക്കെതിരായ നിർണായക തെളിവുകളായി.

വധശിക്ഷ നൽകേണ്ട അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

കോടതിയിലെ സുരക്ഷാവീഴ്ച പരിശോധിക്കും; അന്വേഷണം സിഐഡിക്ക്

കോടതിക്കുള്ളിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായോയെന്ന കാര്യവും പരിശോധിക്കും.

സംഭവത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അന്വേഷണം നടത്തുമെന്ന് നവി മുംബൈ പൊലീസ് കമീഷണർ മിലിന്ദ് ഭാരംബെ അറിയിച്ചു.

English Summary:

A man identified as Nagesh Babu Lad died after jumping from the fifth floor of the Belapur District Sessions Court building in Navi Mumbai, shortly after receiving a life sentence. He was convicted of stabbing his sister Sunita to death in 2019 and attempting to murder his wife. The court sentenced him to life imprisonment for the murder and ten years of rigorous imprisonment for the attempted murder. He reportedly jumped while being prepared for transfer back to Taloja prison. The Navi Mumbai Police have announced that the Crime Investigation Department (CID) will investigate the incident, including possible security lapses.

Share This Article