facebook

ശബരിമല സ്വർണക്കവർച്ച കേസ്: 10 പ്രതികൾക്കെതിരെ വിചാരണാനുമതി തേടി എസ്.ഐ.ടി

1 Min Read

കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്ന കേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം 13 പേരാണ് കേസിലെ പ്രതികൾ. ഇതിൽ പൊതുപ്രവർത്തകരുടെ പരിധിയിൽ വരുന്ന 10 പേർക്കെതിരെയാണ് വിചാരണാനുമതി തേടിയത്.

അനുമതി നൽകേണ്ടത് റവന്യു, ദേവസ്വം അധികൃതർ

നാല് പ്രതികളുടെ കാര്യത്തിൽ റവന്യു, ദേവസ്വം സെക്രട്ടറിമാരും ആറു പേരുടെ കാര്യത്തിൽ ദേവസ്വം ബോർഡുമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത്. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.

അസി. ലീഗൽ അഡ്വൈസർ കുറ്റപത്രത്തിന്റെ കരട് പരിശോധിച്ച് അംഗീകരിക്കുകയും നിയമോപദേശം നൽകുകയും ചെയ്തതായും എസ്.ഐ.ടി വ്യക്തമാക്കി.

350 സാക്ഷികളും 285 രേഖകളും

കുറ്റം തെളിയിക്കുന്നതിനായി 350 സാക്ഷികളെയും 285 രേഖകളെയും 12 തൊണ്ടിമുതലുകളെയും ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വിചാരണ വൈകാതെ ആരംഭിക്കാനാകുന്ന വിധത്തിൽ നടപടികൾ വേഗത്തിലാക്കണമെന്ന് കേസ് പരിഗണിച്ച ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണക്കവർച്ചാ അന്വേഷണവും അവസാനഘട്ടത്തിൽ

ദ്വാരപാലക ശിൽപങ്ങളിൽനിന്ന് സ്വർണം കവർന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. അന്വേഷണം ഉടൻ പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതി തേടുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഉറപ്പുനൽകി.

കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.

English Summary: The SIT informed the Kerala High Court that it had submitted a report seeking prosecution sanction against 10 of the 13 accused in the Sabarimala gold theft case. The chargesheet will be filed after receiving the required approvals.

Share This Article