കൊച്ചി: ഇൻസ്റ്റഗ്രാം സന്ദേശത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ എറണാകുളം എളമക്കരയിൽ 17കാരന് ക്രൂരമർദനം. സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും അതിലൊരാളുടെ അമ്മയും ചേർന്നാണ് വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ 40കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും റിപ്പോർട്ടുണ്ട്.
എളമക്കരയിൽ 17കാരന് മർദനം; ഇൻസ്റ്റഗ്രാം സന്ദേശം തർക്കത്തിന് കാരണം
17കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് സുഹൃത്തുക്കൾ ചില സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം. ഇതിനെച്ചൊല്ലി ഉണ്ടായ വൈരാഗ്യത്തിനിടെ സുഹൃത്തുക്കൾ വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി. ആക്രമണത്തിനിടെ 40കാരിയായ സ്ത്രീയും വിദ്യാർഥിയെ മർദിച്ചതായാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പകർത്തിയിരുന്നു. മർദനം അവസാനിപ്പിക്കാൻ ഒരു സ്ത്രീ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാമെന്നാണ് റിപ്പോർട്ട്.
മൂത്രത്തിലൂടെ രക്തം വന്നതോടെ സംഭവം പുറത്തറിഞ്ഞു
ക്രൂരമായ മർദനമേറ്റിട്ടും 17കാരൻ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് മൂത്രത്തിലൂടെ രക്തം വന്നതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനിലയിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്.
പത്താം ക്ലാസ് കാലം മുതൽ വൈരാഗ്യമെന്ന് പൊലീസ്
മർദിച്ചവരും ആക്രമണത്തിനിരയായ വിദ്യാർഥിയും പത്താം ക്ലാസ് വരെ എളമക്കരയിലെ ഒരു സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. അന്നുമുതൽ ഇവർക്കിടയിൽ ശത്രുത നിലനിന്നിരുന്നു.
പത്താം ക്ലാസ് പഠനം പൂർത്തിയായശേഷം ഇൻസ്റ്റഗ്രാം ചാറ്റുകളിലൂടെ തർക്കം കൂടുതൽ രൂക്ഷമായെന്നും ഇതാണ് വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കാൻ കാരണമായതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary: A 17-year-old boy was allegedly brutally assaulted in Elamakkara, Kochi, following a dispute over Instagram messages. The attack was reportedly carried out by underage friends and the mother of one of them. The 40-year-old woman has been arrested. The incident came to light after the boy developed blood in his urine and informed his family through the circumstances that followed. Police are investigating the case.
