facebook

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനൊപ്പം പതാക ഉയർത്തൽ ചടങ്ങിൽ മലയാളി യുവതി

2 Min Read

അബുദാബി: യുഎഇ ദേശീയ പതാകദിനത്തോടനുബന്ധിച്ച് ഖസ്ർ അൽ ഹൊസനിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം പങ്കെടുത്ത് മലയാളി യുവതിക്ക് അപൂർവ അംഗീകാരം.

കോട്ടയം ചിങ്ങവനം സ്വദേശിനി അർച്ചന തോമസ് ഷീലയാണ് രാജ്യത്തിനുവേണ്ടി നടത്തിയ സേവനങ്ങളുടെ അംഗീകാരമായി വിശിഷ്ടാതിഥികൾക്കൊപ്പം ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്.

29 വയസ്സുകാരിയായ അർച്ചന ഉൾപ്പെടെ 55 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനി ഷംജ മുജീബാണ് ചടങ്ങിൽ പങ്കെടുത്ത മറ്റൊരു മലയാളി.

സേവനത്തിന് അംഗീകാരം; വിശിഷ്ടാതിഥിയായി അർച്ചന

രാജ്യത്തിന് വേണ്ടി നിർണായക സാഹചര്യങ്ങളിൽ നൽകിയ നിസ്വാർഥ സേവനങ്ങൾ പരിഗണിച്ചാണ് അധികൃതർ അർച്ചനയെ ചടങ്ങിലേക്ക് തിരഞ്ഞെടുത്തത്.

മറ്റു 55 പേർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രസിഡന്റ് നേരിട്ടെത്തുന്ന ചടങ്ങിലാണ് തങ്ങൾ പങ്കെടുക്കുന്നതെന്ന് അർച്ചനയും സംഘവും അറിഞ്ഞത്. അപ്രതീക്ഷിതമായി ലഭിച്ച ക്ഷണം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി മാറിയെന്ന് അർച്ചന പറഞ്ഞു.

ചടങ്ങിനുശേഷം അതിഥികളുമായി സംസാരിക്കുന്നതിനിടെ പ്രസിഡന്റ് അർച്ചനയോടും സംസാരിച്ചു. “ഈ രാജ്യത്ത് ഇത്തരം മേന്മയുള്ള വ്യക്തികളെ ലഭിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ക്ഷണം സ്വീകരിച്ച് എത്തിയതിനും പങ്കെടുത്തതിനും വളരെ നന്ദി” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഡോക്ടർമാർ മുതൽ ഫാമുകളിൽ ജോലി ചെയ്യുന്നവർ വരെയുള്ള വിവിധ മേഖലകളിലെ ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിലെ മറ്റൊരു മലയാളി ഷംജ മുജീബ്

തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനിയും അബുദാബി പോർട്‌സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനലിൽ ഉദ്യോഗസ്ഥയുമായ ഷംജ മുജീബും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം ഈ വിശിഷ്ട വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാർ ഇവർ രണ്ടുപേർ മാത്രമാണെന്നാണ് കരുതപ്പെടുന്നത്.

യുഎഇയിൽ 15 വർഷമായി കുടുംബത്തോടൊപ്പം

കഴിഞ്ഞ 15 വർഷമായി കുടുംബത്തോടൊപ്പം അബുദാബിയിൽ താമസിക്കുന്ന അർച്ചനയുടെ സ്കൂൾ, കോളജ് വിദ്യാഭ്യാസം യുഎഇയിലായിരുന്നു. നേരത്തെ ഓയിൽ ആൻഡ് കൺസൾട്ടൻസി മേഖലയിൽ അഞ്ചുവർഷം ജോലി ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി അബുദാബിയിലെ സെമി ഗവൺമെന്റ് സ്ഥാപനമായ ടാക്ക വാട്ടർ ട്രാൻസ്മിഷൻ എന്ന ജലവിതരണ കമ്പനിയിൽ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് എൻജിനീയറായി പ്രവർത്തിക്കുകയാണ്.

കുടുംബത്തിന്റെ പിന്തുണയാണ് കരുത്ത്

തോമസ്ഏ ബ്രഹാമിന്റെയും ഷീലാമ്മ തോമസിന്റെയും മകളാണ് അർച്ചന. സഹോദരൻ അതുൽ ഏബ്രഹാമാണ്. തന്റെ നേട്ടങ്ങൾക്ക് പിന്നിൽ കുടുംബത്തിന്റെയും മേലുദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്ന് അർച്ചന പറയുന്നു.

കോട്ടയം ചിങ്ങവനത്തുനിന്ന് അബുദാബിയിലെത്തിയ ഈ യുവതിക്ക് ദേശീയ പതാകദിനത്തിലെ വിശിഷ്ട ചടങ്ങിലേക്കുള്ള ക്ഷണം വ്യക്തിജീവിതത്തിലെ വലിയ അംഗീകാരമായി മാറി.

English Summary : Archana Thomas, a 29-year-old native of Chingavanam in Kottayam, was among the guests invited to the UAE Flag Day ceremony at Qasr Al Hosn in Abu Dhabi, attended by President Sheikh Mohamed bin Zayed Al Nahyan. Her selection recognised her selfless service to the country during critical situations. Shamja Mujeeb, a native of Kunnamkulam in Thrissur, was the other Malayali woman who attended the ceremony.

Share This Article