പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലെത്തി നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു.
ഡിജിപി റിപ്പോർട്ട് തേടിയിരുന്നു
ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തുന്നത് സ്വാഭാവികമാണെങ്കിലും അതിനപ്പുറം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡിജിപി നിർദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെ സംഭവങ്ങളെക്കുറിച്ച് പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
വിവരാവകാശ രേഖയിലൂടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വിവരാവകാശ നിയമപ്രകാരമാണ് സ്റ്റേഷനിലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ജൂലൈയിൽ യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സമയത്താണ് അതിക്രമസംഭവങ്ങൾ ഉണ്ടായത്.
പൊലീസ് ജീപ്പ് ആക്രമിക്കുന്ന ദൃശ്യങ്ങൾ
ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ശ്രീനാദേവി പൊലീസ് സ്റ്റേഷനുള്ളിൽ പ്രവേശിച്ച് ലോക്കപ്പിന് മുന്നിലെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
പൊലീസിന്റെ സാന്നിധ്യത്തിൽ ലോക്കപ്പിന് മുന്നിൽവെച്ച് രാജൻ ജോസഫുമായി ശ്രീനാദേവി തർക്കിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
English Summary : Pathanamthitta District Panchayat member Sreenadevi Kunjamma has been named as an accused in the Adoor Police Station trespass incident. Youth Congress workers Feni Nainan, Nesmal and Abin Sivadas are also among the accused. CCTV footage showing the alleged incident, including an attack on a police jeep and an argument near the lock-up, was released under the Right to Information Act. The state police chief had sought a report from the Pathanamthitta SP.
