അരിസോണ: അമേരിക്കയിൽ വ്യാജ ഗർഭധാരണ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ലോറ ഓവൻസിന് ഒരു മാസം തടവും ഏഴ് വർഷത്തെ പ്രൊബേഷനും കോടതി വിധിച്ചതായി റിപ്പോർട്ട്.
‘ദ ബാച്ചിലർ’ റിയാലിറ്റി ഷോയുടെ 26-ാം സീസണിലൂടെ ശ്രദ്ധേയനായ ക്ലേട്ടൺ എക്കാർഡിനെതിരെയും മറ്റൊരു പുരുഷനെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കേസുകളാണ് നിയമനടപടികൾക്ക് വഴിവച്ചത്.
ക്ലേട്ടൺ എക്കാർഡിനെതിരെ പിതൃത്വ ആരോപണം
2023ലാണ് ക്ലേട്ടൺ എക്കാർഡിനെതിരെ ലോറ കേസ് ഫയൽ ചെയ്തത്. താൻ ഗർഭം ധരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ് ക്ലേട്ടണാണെന്നായിരുന്നു യുവതിയുടെ ആരോപണം.
എന്നാൽ, ഇരുവരും തമ്മിൽ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അതിനാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ക്ലേട്ടൺ കോടതിയിൽ വാദിച്ചു.
വിവാദം ശക്തമായതോടെ ക്ലേട്ടൺ സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ നിഷേധിച്ചു.
പിതൃത്വ പരിശോധനയ്ക്ക് വിധേയനാകാൻ ക്ലേട്ടൺ വിസമ്മതിച്ചെന്ന ലോറയുടെ വാദത്തിന് മറുപടിയായി, പരിശോധനയ്ക്കുള്ള തുക അടച്ചതിന്റെ രസീതിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.
വ്യാജ ഗർഭധാരണ കേസ്: അന്വേഷണം തുടർന്നു
പിന്നീട് ഗർഭം അലസിയെന്ന് അവകാശപ്പെട്ട ലോറ കേസ് പിൻവലിച്ചു. എന്നാൽ, ഇതോടെ അന്വേഷണം അവസാനിച്ചില്ല.
മാരികോപ്പ കൗണ്ടി അറ്റോർണി ഓഫിസ് നടത്തിയ അന്വേഷണത്തിനൊടുവിൽ 2025 മേയിൽ വഞ്ചനയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയെന്നാണ് റിപ്പോർട്ട്.
ഏകദേശം ഒരു വർഷം നീണ്ട അന്വേഷണത്തിനുശേഷമാണ് ഗ്രാൻഡ് ജൂറി യുവതിക്കെതിരെ കുറ്റം ചുമത്തിയത്.
2021ൽ ഹ്രസ്വകാലം പ്രണയബന്ധത്തിലായിരുന്ന മറ്റൊരു പുരുഷനെതിരെയും ലോറ വ്യാജ ഗർഭധാരണ ആരോപണം ഉന്നയിച്ചെന്ന കേസിൽ പിന്നീട് ഏഴ് ഗുരുതര കുറ്റകൃത്യങ്ങളിലും അവർക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
അൾട്രാസൗണ്ട് ചിത്രത്തിൽ കൃത്രിമം; വ്യാജ വീഡിയോയും
ക്ലേട്ടൺ എക്കാർഡുമായി ബന്ധപ്പെട്ട കേസിലെ പിതൃത്വ ഹിയറിങ്ങിനിടെ ലോറ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതായി പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.
2023 മേയ് മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ അൾട്രാസൗണ്ട് ചിത്രത്തിൽ കൃത്രിമം കാണിക്കുകയും വ്യാജ ഗർഭധാരണ വീഡിയോ നിർമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതും കേസിൽ നിർണായകമായെന്നാണ് റിപ്പോർട്ട്.
ഒരു മാസം തടവും ഏഴ് വർഷം പ്രൊബേഷനും
കേസിൽ ലോറ ഓവൻസിന് ഒരു മാസം തടവും ഏഴ് വർഷത്തെ പ്രൊബേഷനും കോടതി വിധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വ്യാജ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും നിർണായകമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
English Summary:
Laura Owens has reportedly been sentenced to one month in jail and seven years of probation in a case involving false pregnancy and paternity claims against reality TV personality Clayton Echard and another man. Prosecutors cited alleged inconsistencies in her statements and findings involving an ultrasound image and a pregnancy video. The case followed an investigation into the allegations.
