facebook

ചെങ്കോട്ട സ്ഫോടനം; ലാൽ മന്ദിറായിരുന്നു പ്രാഥമിക ലക്ഷ്യമെന്ന് എൻഐഎ

2 Min Read

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചെങ്കോട്ട സ്ഫോടനം കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.

അക്രമികളുടെ ആദ്യ ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ലെന്നും ലാൽ മന്ദിർ എന്ന ജെയ്ന ക്ഷേത്രമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഗതാഗതക്കുരുക്കും സ്ഥലത്തെ പൊലീസ് സാന്നിധ്യവും കാരണം അവസാന നിമിഷം പദ്ധതി മാറ്റേണ്ടിവന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ. സ്ഫോടനത്തിൽ 11 പേർ മരിച്ചിരുന്നു.

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യം മാറിയത് അവസാന നിമിഷം

സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി വൈകിട്ട് 6.37ഓടെ ലാൽ മന്ദിറിന് സമീപം എത്തി വാഹനം പാർക്ക് ചെയ്യാനായിരുന്നു ഉമർ ഉൻ നബിയുടെ പദ്ധതിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ ഗതാഗതക്കുരുക്കും പൊലീസിന്റെ സാന്നിധ്യവും കാരണം വാഹനം യു-ടേൺ എടുത്ത് ചെങ്കോട്ടയ്ക്ക് സമീപത്തേക്ക് നീങ്ങി. തുടർന്ന് വൈകിട്ട് 6.50ഓടെ സ്ഫോടനം നടന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ.

2023നും 2025നും ഇടയിൽ ഉമർ ഏകദേശം 12 തവണ ചെങ്കോട്ട സന്ദർശിച്ചിരുന്നെന്നും എൻഐഎ പറയുന്നു. സ്ഫോടനത്തിന് ആറുമാസം മുമ്പ് മേയ് ഒന്നിനായിരുന്നു അവസാന സന്ദർശനം.

യൂറിയ ഉപയോഗിച്ച് സ്ഫോടകവസ്തു നിർമിച്ചെന്ന് എൻഐഎ

സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനായി മൂത്രത്തിൽനിന്ന് യൂറിയ വേർതിരിച്ചെടുക്കുന്ന രീതിയാണ് ഉമർ ഉപയോഗിച്ചിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായിരുന്നു ഈ രീതിയെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു.

ഉമറും കുറ്റകൃത്യത്തിൽ പങ്കാളിയായ ഷഹീൻ സയീദും ഉപയോഗിച്ച പെൻഡ്രൈവുകളിൽനിന്ന് യൂറിയ നൈട്രൈറ്റ് ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനുള്ള മാർഗരേഖകൾ അടങ്ങിയ PDF ഫയലുകൾ കണ്ടെത്തിയതായും എൻഐഎ പറയുന്നു.

മൂത്രത്തിൽനിന്ന് യൂറിയ വേർതിരിച്ചെടുക്കുന്നതിനുള്ള വിവിധ രീതികളും ഈ ഫയലുകളിലുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ വിവരം.

നൂഹിലെ വാടകമുറിയിൽ 11 ദിവസം താമസം

സ്ഫോടനത്തിന്റെ തലേദിവസം വരെ 11 ദിവസത്തോളം നൂഹിലെ വാടകമുറിയിൽ താമസിച്ചാണ് ഉമർ സ്ഫോടകവസ്തുക്കൾ നിർമിച്ചതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ഉമർ താമസിച്ച മുറിയിൽ മൂത്രം നിറച്ച പോളിബാഗ് കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. ഇതിൽനിന്ന് രൂക്ഷമായ ദുർഗന്ധം ഉണ്ടായിരുന്നതായി സമീപത്ത് താമസിച്ചിരുന്ന സ്ത്രീ നേരത്തെ പരാതിപ്പെട്ടിരുന്നതായും എൻഐഎ ചൂണ്ടിക്കാട്ടുന്നു.

ഉമറിന്റെ സഞ്ചാരപാത, മൊബൈൽ ഫോൺ ഉപയോഗം, വാടകമുറിയിലെ താമസം, സ്ഫോടകവസ്തു നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ദൃക്സാക്ഷി മൊഴികളും ഫൊറൻസിക് തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും കണ്ടെത്തൽ

ചെങ്കോട്ട സന്ദർശിച്ചിരുന്ന സമയങ്ങളിൽ ഉമറും കൂട്ടാളികളും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി എൻഐഎ പറയുന്നു. ഡിജിറ്റൽ രേഖകളിലൂടെ തങ്ങളുടെ നീക്കങ്ങൾ പിന്തുടരുന്നത് ഒഴിവാക്കാനായിരുന്നു ഇതെന്നും അന്വേഷണ ഏജൻസി വിലയിരുത്തുന്നു.

ചെങ്കോട്ട സ്ഫോടനം കേസിൽ ശേഖരിച്ച ദൃക്സാക്ഷി മൊഴികളും ഫൊറൻസിക് തെളിവുകളും ഡിജിറ്റൽ വിവരങ്ങളും കൂട്ടിച്ചേർത്താണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

English Summary:

The NIA chargesheet in the Red Fort car bomb blast case has revealed that the attackers allegedly intended to target Lal Mandir, a Jain temple, rather than the Red Fort. The plan reportedly changed at the last moment because of traffic congestion and police presence.

Share This Article