ദേശീയപാത 66ൽ ടോൾ കുതിക്കുന്നു
ദേശീയപാത 66 കേരളത്തിന്റെ യാത്രാദൂരം കുറയ്ക്കുമ്പോൾ യാത്രാച്ചെലവ് കുത്തനെ കൂട്ടുന്ന പദ്ധതിയായി മാറുകയാണോ? കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്ക് കാറുടമകൾക്ക് ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം നൽകേണ്ടിവരുന്ന സാഹചര്യമാണു മുന്നിലുള്ളത്.
2024ലെ കണക്കനുസരിച്ച് ഒരു ദിശയിലേക്കുള്ള ടോൾ 1650 രൂപയായിരുന്നു. എന്നാൽ നിർമാണച്ചെലവ് വർധിച്ചതിന്റെ പേരിൽ ഇത് ഏകദേശം 3000 രൂപയായി ഉയർത്താനാണ് നീക്കം. നിലവിലുള്ള അഞ്ച് ടോൾ പ്ലാസകൾക്ക് പുറമെ പുതിയ പ്ലാസകളും വരുന്നതോടെ യാത്രക്കാരന്റെ ബാധ്യത ഇനിയും കൂടും.ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയ പ്രത്യേക നിർമാണങ്ങൾ ഉൾപ്പെടുന്ന റീച്ചുകളിൽ ടോൾ നിരക്ക് കൂടുതലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇവിടെ മറ്റൊരു താരതമ്യം പ്രസക്തമാണ്. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സിക്യൂട്ടീവ് ക്ലാസിൽ ഒരാൾക്ക് പോയിവരാൻ 5720 രൂപയാണ് നിലവിലെ നിരക്ക്. ദേശീയപാതയിലെ ടോൾ മാത്രം അതിനെ മറികടക്കുന്നതാണ്.ഇന്ധനച്ചെലവ് കൂടി കണക്കാക്കിയാൽ കാറിൽ യാത്ര ചെയ്യുന്നതിന്റെ സാമ്പത്തിക യുക്തി തന്നെ ചോദ്യം ചെയ്യപ്പെടും.
അങ്ങനെയെങ്കിൽ കാർ യാത്രയെക്കാൾ വിമാനയാത്ര ലാഭാകരമാണ് എന്നെ പറയാതിരിക്കാനാവില്ല. വിമാനടിക്കറ്റ് ലഭിക്കുന്ന നിരക്കുകളുമായി പോലും ഈ ചെലവ് താരതമ്യം ചെയ്യുന്നതിൽ അതിശോക്തിയില്ല . റോഡ് നിർമിച്ചത് യാത്ര എളുപ്പമാക്കാനോ, യാത്രക്കാരനെ കൂടുതൽ പണം നൽകാൻ നിർബന്ധിക്കാനോ?
കേരളം ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 5600 കോടി രൂപ നൽകിയ സംസ്ഥാനമാണ്. എന്നിട്ടും ജനങ്ങൾക്ക് ലഭിക്കുന്നത് രാജ്യത്തെ തന്നെ ഉയർന്ന ടോൾഭാരങ്ങളിലൊന്നാണെങ്കിൽ അതിന്റെ ന്യായം കേന്ദ്രസർക്കാർ വ്യക്തമാക്കണം.
വികസനത്തിന്റെ പേരിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ അതിന്റെ ചെലവ് സാധാരണക്കാരന്റെ യാത്രാസ്വാതന്ത്ര്യത്തിന് വിലയാകരുത്. കേരളം പണം നൽകി വഴിയൊരുക്കിയ ശേഷം, അതിലൂടെ സഞ്ചരിക്കാൻ വീണ്ടും വൻതുക നൽകേണ്ടിവരുന്നത് എന്ത് വികസന മാതൃകയാണ്?ടോൾ മാത്രം ഇത്രയും ഉയരുന്നത് ദേശീയപാതയുടെ യഥാർഥ പ്രയോജനം സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നു.
ദേശീയപാത ജനങ്ങളിലേക്കുള്ള വഴിയാകണം; ജനങ്ങളുടെ പോക്കറ്റിലേക്കുള്ള ടോൾപാതയാകരുത്.
