- സൈനിക താവളത്തിൽ വൻ ആയുധമോഷണം; 12 തോക്കുകളും വെടിയുണ്ടകളും കാണാതായി
ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ വൻ ആയുധമോഷണം. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് ആധുനിക തോക്കുകളും വെടിക്കോപ്പുകളും കാണാതായത്. 12 തോക്കുകൾക്കൊപ്പം 1,800ലേറെ റൗണ്ട് വെടിയുണ്ടകളും നഷ്ടപ്പെട്ടതായി എഫ്ഐആറിൽ പറയുന്നു.
നൈറ്റ് വിഷൻ ബൈനോക്കുലർ, 21 മാഗസിനുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്. കാണാതായ ആയുധങ്ങൾക്ക് വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ വിലവരുമെന്നാണ് വിവരം.
സൈനിക താവളത്തിൽ ആയുധമോഷണം
നാല് എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയാണ് കാണാതായത്.
പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 30ന് വൈകിട്ട് ആറിന് ആയുധപ്പുര പൂട്ടുമ്പോൾ എല്ലാ ആയുധങ്ങളും അവിടെയുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
1800ലേറെ റൗണ്ട് വെടിയുണ്ടകൾ കാണാതായി
എകെ-203 റൈഫിളുകൾക്കായുള്ള 720 വെടിയുണ്ടകളും 9 എംഎം പിസ്റ്റളുകൾക്കായുള്ള 1,120 വെടിയുണ്ടകളും ഇൻസാസ് റൈഫിളിന്റെ വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാൽ മോഷണം നടന്ന കൃത്യമായ സമയം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആയുധങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ കൈകളിലെത്താനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യതയുണ്ടെന്ന ആശങ്ക സൈന്യം പൊലീസിനെ അറിയിച്ചു.
സൈനികരെ ചോദ്യം ചെയ്ത് അന്വേഷണം
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ആയുധപ്പുരയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രവേശനമുണ്ടായിരുന്ന സൈനികരെയെല്ലാം അധികൃതർ ചോദ്യം ചെയ്തു. ബന്ധപ്പെട്ട രജിസ്റ്ററുകളും പുനഃപരിശോധിച്ചു.
അതേസമയം, സുരക്ഷാ പരിശോധനയുടെ ഭാഗമായി ആയുധപ്പുര സീൽ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ സൈന്യം വിപുലമായ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു
സൈന്യത്തിനുള്ളിൽനിന്ന് ആരുടെയെങ്കിലും സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 331(4), 305 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മോഷണം പോയ ആയുധങ്ങൾ എത്രയും വേഗം കണ്ടെത്തുകയെന്നതാണ് നിലവിലെ പ്രധാന ലക്ഷ്യമെന്ന് മൽക്കാജ്ഗിരി പൊലീസ് അറിയിച്ചു.
English summary:
A major weapons theft has been reported at the highly secured Bollaram Military Station in Secunderabad. Twelve firearms, including four AK-203 assault rifles, an INSAS rifle and six 9mm pistols, along with more than 1,800 rounds of ammunition, night-vision binoculars and 21 magazines, were reported missing from the 20 Madras Regiment premises. The armoury locks and storage boxes were found damaged. The Army has launched an internal investigation, while police are examining CCTV footage, access records and possible internal assistance. The priority is to recover the missing weapons as soon as possible.
