facebook

യുഎഇക്കെതിരെ ഇറാന്റെ ഡ്രോൺ ആക്രമണം; തകർത്തതായി പ്രതിരോധ മന്ത്രാലയം

3 Min Read

യുഎഇക്കെതിരെ ഇറാന്റെ ഡ്രോൺ ആക്രമണം

ദുബായ് ∙ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതിനിടെ യുഎഇക്കെതിരെ ഇറാൻ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചതായി റിപ്പോർട്ട്.

ഇടവേളയ്ക്കുശേഷം യുഎസ് ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎഇയെ ലക്ഷ്യമിട്ട് ഡ്രോണുകൾ അയച്ചതെന്നാണ് വിവരം.

എന്നാൽ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽവച്ചുതന്നെ ഇറാൻ ഡ്രോണുകളെ വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

https://www.facebook.com/profile.php?id=61583798340466

രാജ്യത്തെ സേന അതീവ ജാഗ്രതയിലാണ്. വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാൻ യുഎഇ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അൽമിൻഹാദ് വ്യോമതാവളം ആക്രമിച്ചെന്ന അവകാശവാദം തള്ളി

ദുബായിലെ അൽമിൻഹാദ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദവും യുഎഇ തള്ളി. ആക്രമണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇക്കെതിരെ ഇറാന്റെ ഡ്രോൺ ആക്രമണം; തകർത്തതായി പ്രതിരോധ മന്ത്രാലയം

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങളുടെയും വ്യോമമേഖലയുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്ത് ജാഗ്രത തുടരുകയാണ്.

ഹോർമുസിൽ ടാങ്കറിന് തീപിടിച്ചു

ഇതിനിടെ ഹോർമുസ് കടലിടുക്കിന്റെ തെക്കുഭാഗത്ത് കടലിൽ സ്ഥാപിച്ചിരുന്ന രണ്ട് മൈനുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇന്ധനം കൊണ്ടുപോകുന്ന സൂപ്പർ ടാങ്കറിന് തീപിടിച്ചതായി റിപ്പോർട്ട്.

അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലിനെ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചതെന്ന് ഇറാൻ റവലൂഷനറി ഗാർഡ് അവകാശപ്പെട്ടു.

സംഭവത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന മറ്റ് കപ്പലുകൾക്കും സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.

ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ഇതോടെ കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്.

ഖർഗ് ദ്വീപിലെ എണ്ണ ഉൽപാദനം നിർത്തിയിട്ടില്ലെന്ന് ഇറാൻ

ഇറാനിലെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ ഖർഗ് ദ്വീപിലെ പ്രവർത്തനം നിർത്തിവച്ചിട്ടില്ലെന്ന് ദേശീയ ഓയിൽ കമ്പനി അറിയിച്ചു. ഖർഗിലെ എണ്ണ ഉൽപാദന കേന്ദ്രം പൂർണമായും നശിപ്പിച്ചെന്ന അമേരിക്കയുടെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാൻ ദേശീയ ഓയിൽ കമ്പനി പ്രതികരണവുമായി രംഗത്തെത്തിയത്.

കമ്പനി സിഇഒ ഹമീദ് ബൊവാർഡ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു. ഖർഗിലെ സ്ഥിതിഗതികൾ ശാന്തവും സാധാരണ നിലയിലുമാണെന്നും എണ്ണ ഉൽപാദനം തടസ്സപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാറക് ദ്വീപിൽ യുഎസ് ആക്രമണം

ടെഹ്റാൻ ∙ ഒരിടവേളയ്ക്കുശേഷം ഇറാനെ ലക്ഷ്യമിട്ട് യുഎസ് വീണ്ടും സൈനിക നടപടി നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ ഇറാൻ സ്ഥാപിച്ചിരുന്ന രണ്ട് മിസൈൽ വിക്ഷേപിണികളെയാണ് യുഎസ് വ്യോമസേന ലക്ഷ്യമിട്ടത്.

കപ്പൽ ഗതാഗത പാതയിലേക്ക് കടൽ മൈനുകൾ സ്ഥാപിക്കുന്നതിനായി ഉപയോഗിക്കാവുന്ന റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചതിന് പിന്നാലെയാണ് ലാറക് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയതെന്നാണ് യുഎസ് വിശദീകരണം.

ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാന്റെ തിരിച്ചടിയും ആശങ്ക വർധിപ്പിക്കുന്നു

യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ മേഖലയിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന്റെ സാധ്യത കൂടുതൽ ശക്തമായിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും എണ്ണവിതരണവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് യുഎസും ഇറാനും തമ്മിലുള്ള ആക്രമണ-പ്രതിക്രമങ്ങൾ തുടരുന്നത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും സൈനിക ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഒരു വശത്ത് യുഎസ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടുകയും മറുവശത്ത് ഇറാൻ മേഖലയിൽ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കെതിരായ നടപടികളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം അന്താരാഷ്ട്ര തലത്തിലും വലിയ ആശങ്കയായി മാറുകയാണ്.

Share This Article