facebook

ഐ.എസ്.ആർ.ഒ പുനരുജ്ജീവനം; ഗഗൻയാൻ ചുമതല മലയാളി ശാസ്ത്രജ്ഞന്

2 Min Read

തിരുവനന്തപുരം: തുടർച്ചയായ വിക്ഷേപണ പരാജയങ്ങളും ദൗത്യങ്ങൾ വൈകുന്നതും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടെ ഐ.എസ്.ആർ.ഒ പുനരുജ്ജീവനത്തിന് കേന്ദ്രസർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. വിവിധ സ്ഥാപനങ്ങളിലേക്ക് പുതിയ ഡയറക്ടർമാരെ നിയമിച്ചതിനൊപ്പം ഗഗൻയാൻ പദ്ധതിക്ക് പുതിയ നേതൃത്വവും നൽകി. പി.എസ്.എൽ.വി ഡയറക്ടറും മലയാളിയുമായ എസ്.ആർ. ബിജുവിനാണ് ഗഗൻയാൻ ദൗത്യത്തിന്റെ ചുമതല.

ആറുവർഷമായി നീളുന്ന ഗഗൻയാൻ പദ്ധതിയുടെ തലവനായിരുന്ന ദിനേശ് സിംഗിനെ മാറ്റിയാണ് 58കാരനായ എസ്.ആർ. ബിജുവിനെ നിയമിച്ചത്. മൂന്ന് മാസത്തിനുള്ളിൽ ഗഗൻയാന്റെ വ്യോമമിത്ര റോബോട്ടിനെ വിക്ഷേപിക്കാനും പദ്ധതിയുണ്ട്.

ഐ.എസ്.ആർ.ഒ പുനരുജ്ജീവനത്തിന് പുതിയ നേതൃത്വം

തിരുവനന്തപുരം കുറവൻകോണത്ത് സ്വദേശിയായ എസ്.ആർ. ബിജു സി.ഇ.ടി മുൻ വിദ്യാർത്ഥിയാണ്. പി.എസ്.എൽ.വിയുടെ പുതിയ പതിപ്പുകളുടെ വികസനത്തിലും വിക്ഷേപണത്തിലും അദ്ദേഹം നേതൃത്വം നൽകിവരികയാണ്.

അതേസമയം, ദൗത്യങ്ങൾ വൈകുന്നത് പരിഹരിക്കാൻ ‘ആൾ പ്രൊജക്ടർ ഡയറക്ടർ’ എന്ന പുതിയ തസ്തികയും സൃഷ്ടിച്ചു. ജസ്വീന്ദർ സിംഗ് ഖൊറാലിനാണ് ചുമതല നൽകിയിരിക്കുന്നത്.

ഗവേഷണ-വികസന വിഭാഗവും പുതുതായി ആരംഭിച്ചു. എസ്. സുധാകറാണ് ഡയറക്ടർ. കൂടാതെ, വി.എസ്.എസ്.സിയിൽ ഡോ. യു.പി. രാജീവ്, എൽ.പി.എസ്.സിയിൽ എൻ. ജയൻ, ഐ.പി.ആർ.സിയിൽ നാരായണൻ അപ്പു, ഐ.ഐ.എസ്.യുവിൽ ജോജി ജെ. ചാമൻ എന്നിവരെയും ഡയറക്ടർമാരായി നിയമിച്ചു.

170 പുതിയ ശാസ്ത്രജ്ഞരെ നിയമിക്കും

ഐ.എസ്.ആർ.ഒയിൽ പുതുതായി 170 ശാസ്ത്രജ്ഞരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോരുത്തർക്കും 25 ലക്ഷം രൂപയാണ് വാർഷിക ശമ്പളം.

എട്ടുമാസമായി മുടങ്ങിക്കിടക്കുന്ന വിക്ഷേപണങ്ങൾ സെപ്റ്റംബറിൽ പുനരാരംഭിക്കാനാണ് തീരുമാനം. സെപ്റ്റംബർ നാലിന് പ്രതിരോധ മന്ത്രാലയത്തിന്റെ ഇ.ഒ.എസ്-05 ഉപഗ്രഹം വിക്ഷേപിക്കാൻ ആലോചിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. നാരായണൻ അറിയിച്ചു.

ശ്രീഹരിക്കോട്ടയിൽ ഇതിനായി ജി.എസ്.എൽ.വി മാർക്ക്-2 റോക്കറ്റ് മൂന്ന് മാസമായി തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ടെക്നിക്കൽ റിവ്യൂ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ വിക്ഷേപണ സമയം നിശ്ചയിക്കുക. ഡി.ആർ.ഡി.ഒ നിർമിച്ചതാണ് ഉപഗ്രഹം.

തുടർച്ചയായ പരാജയങ്ങൾ തിരിച്ചടിയായി

പ്രതിരോധ ഉപഗ്രഹങ്ങളുടെ തുടർച്ചയായ പരാജയം ഐ.എസ്.ആർ.ഒയ്ക്ക് തിരിച്ചടിയായി. 2021 ഓഗസ്റ്റ് 21ന് ഇ.ഒ.എസ്-03, 2025 മേയ് 18ന് ഇ.ഒ.എസ്-09, 2026 ജനുവരി 12ന് അത്യാധുനിക ഉപഗ്രഹമായ ഇ.ഒ.എസ്.എൻ-1 എന്നിവ പരാജയപ്പെട്ടിരുന്നു.

ഇതോടെ ഉപഗ്രഹ വിക്ഷേപണങ്ങളിൽ അട്ടിമറി സംശയം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അനുമതി നിർബന്ധമാക്കിയിരുന്നു. മറുവശത്ത്, വിക്ഷേപണ ദൗത്യങ്ങളുടെ തുടർ പരാജയങ്ങളും വൈകലുകളും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു.

സ്വകാര്യവത്കരണ തീരുമാനവും വിമർശനത്തിൽ

ജി.എസ്.എൽ.വി, പി.എസ്.എൽ.വി, എസ്.എസ്.എൽ.വി റോക്കറ്റുകളും കുലശേഖരപട്ടണത്ത് പുതുതായി ആരംഭിക്കുന്ന റോക്കറ്റ് നിലയവും സ്വകാര്യവത്കരിക്കാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

അതേസമയം, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതിനാണ് ഡയറക്ടർ നിയമനങ്ങളും ഗവേഷണ-വികസന വിഭാഗത്തിന്റെ രൂപീകരണവും പുതിയ തസ്തികകളും ഉൾപ്പെടെയുള്ള നടപടികളെന്ന് വിലയിരുത്തപ്പെടുന്നു. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ഇനി പ്രധാന ലക്ഷ്യം.

Share This Article