തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചരിച്ച വിവരങ്ങളിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തും. പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴിയടക്കം രേഖപ്പെടുത്താൻ പൊലീസ് ഒരുങ്ങുന്നത്.
സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പുറത്തുവന്ന ഫോട്ടോയിലുള്ളത് ബ്രൂണയിലുള്ള തൃശൂർ സ്വദേശി ദാമോദര മേനോനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണം പരിശോധിക്കും
ബ്രൂണയിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദത്തോടെയാണ് കഴിഞ്ഞ ദിവസം ഒരു ചിത്രം പ്രചരിച്ചത്. എന്നാൽ ചിത്രത്തിലുള്ള വ്യക്തി കുറുപ്പല്ലെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.
ഇതോടെ പ്രചാരണം നടത്തിയവരുടെ മൊഴിയെടുക്കുന്നതടക്കമുള്ള തുടർനടപടികളിലേക്കാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.
മുൻ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നും വിവരങ്ങൾ തേടും
സുകുമാരക്കുറുപ്പിന്റെ കേസ് നേരത്തെ അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബറിൽനിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും.
അതേസമയം, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർപോളിനെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഡിജിപിയുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
നിലവിൽ റെഡ് കോർണർ നോട്ടിസ്
സുകുമാരക്കുറുപ്പിനെതിരെ നിലവിൽ റെഡ് കോർണർ നോട്ടിസ് നിലനിൽക്കുന്നുണ്ട്. വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ തടഞ്ഞുവയ്ക്കുന്നതിനുള്ള അറിയിപ്പും നിലവിലുണ്ട്.
എന്നാൽ ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഭാഗമായി വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ അന്വേഷണ സംഘം
അതേസമയം, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച സംഘത്തിന് ലഭിച്ചത്. കൂടുതൽ വിവരങ്ങൾ പരിശോധിച്ചശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ആലോചന.
40-ാം വയസ്സിൽ ഹൃദ്രോഗിയെന്ന് മൊഴി
40-ാം വയസ്സിൽ സുകുമാരക്കുറുപ്പ് ഹൃദ്രോഗിയായിരുന്നു എന്ന് നഴ്‌സായ രത്‌നമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.
കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവർക്ക് കുറുപ്പുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായാണ് വിവരം.
