പാമ്പാക്കുട: ശക്തമായ മഴയ്ക്ക് പിന്നാലെ പാമ്പാക്കുട മേഖലയിലെ കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷമാകുന്നു. പച്ചക്കറികൾക്ക് പുറമെ വാഴ, പപ്പായ, റബർ തുടങ്ങിയ വിളകളുടെ ഇലകളും ഒച്ചുകൾ വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടി, ചിറക്കടവ്, രാമമംഗലം പഞ്ചായത്തിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വ്യാപനം കൂടുതൽ. നേരത്തെ തരിശുപാടങ്ങളിൽ മാത്രം കണ്ടിരുന്ന ഒച്ചുകൾ ഇപ്പോൾ വീടുകളിലേക്കും അടുക്കളത്തോട്ടങ്ങളിലേക്കും എത്തിയിട്ടുണ്ട്.
ആഫ്രിക്കൻ ഒച്ചുശല്യം വീടുകളിലേക്കും വ്യാപിക്കുന്നു
രാത്രികാലങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. വീടുകളുടെ ഭിത്തികളിലും ഈർപ്പമുള്ള ഇടങ്ങളിലും ഇവ കൂട്ടമായി പറ്റിപ്പിടിക്കുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കുടിവെള്ള സ്രോതസുകൾ മലിനമാകുമോയെന്ന ആശങ്കയും ശക്തമാണ്. ഒച്ചുകളുടെ സ്രവം ശരീരത്തിൽ പതിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും പ്രദേശത്ത് പ്രചരിക്കുന്നുണ്ട്.
റബർ കറ കുടിച്ച് ചിരട്ടകൾ കാലിയാക്കുന്നു
റബർ മരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചിരട്ടകളിൽ നിന്ന് ഒച്ചുകൾ റബർ കറ കുടിച്ചുതീർക്കുന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്. ഇതുമൂലം ടാപ്പിംഗിൽ ലഭിക്കുന്ന റബർ കറയുടെ അളവ് കുറയുന്നതായി കർഷകർ പറയുന്നു.
മഴമറയുള്ള തോട്ടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാപ്പിംഗ് നടത്തുന്നത്. എന്നാൽ ടാപ്പിംഗിന് ശേഷം കർഷകർ തിരിച്ചെത്തുമ്പോഴേക്കും പല ചിരട്ടകളും കാലിയായ നിലയിൽ കാണപ്പെടുന്നതായും പരാതിയുണ്ട്.
ഒച്ചുകൾ പെരുകുന്നു; അധികൃതർക്കെതിരെ പരാതി
പ്രശ്നം രൂക്ഷമായിട്ടും തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉപ്പ്, പുകയില, തുരിശ് തുടങ്ങിയവ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വ്യാപനം തടയാൻ ഇത് പ്രായോഗികമല്ലെന്നാണ് കർഷകരുടെ നിലപാട്.
കൂടാതെ, തുരിശിന്റെ വിലയിലുണ്ടായ വർധനയും കർഷകർക്ക് അധിക ബാധ്യതയായി. ഇതോടെ ഒച്ചുനശീകരണം കൂടുതൽ ചെലവേറിയ നടപടിയായി മാറിയിരിക്കുകയാണ്.
ഹരിതസേന നേരിട്ടിറങ്ങി; സമഗ്ര പദ്ധതി വേണമെന്ന് ആവശ്യം
ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് പാമ്പാക്കുട ചിറക്കടവിൽ ഹരിതസേനാംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടിറങ്ങി ഒച്ചുകളെ ശേഖരിച്ച് നശിപ്പിച്ചു. സിബി പൗലോസ്, രജനി പ്രസാദ്, പ്രിയ രതീഷ്, സിജി പൗലോസ്, പി.കെ. കുഞ്ഞൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
“ആഫ്രിക്കൻ ഒച്ചുകൾക്കെതിരെ സമഗ്രമായ ഉന്മൂലന പദ്ധതി അധികൃതർ അടിയന്തരമായി തയ്യാറാക്കണം. കൃഷിനാശം ഒഴിവാക്കണം. കർഷകർ ഭീതിയിലാണ്”, സാമൂഹിക പ്രവർത്തക സിബി പൗലോസ് പറഞ്ഞു.
