കാനഡയിലെ വിക്ടോറിയയിൽ നിന്നും ടൊറന്റോയിലേക്ക് സർവീസ് നടത്താനിരുന്ന പോർട്ടർ എയർലൈൻസിന്റെ പി.ഡി 444 (PD444) എന്ന വിമാനത്തിലെ യാത്രക്കാർക്ക് നേരിടേണ്ടി വന്നത് തികച്ചും അവിശ്വസനീയവും വിചിത്രവുമായ അനുഭവമാണ്. വിമാനത്തിനുള്ളിൽ ഒരു കൊച്ചുകുട്ടി കാട്ടിയ കടുംപിടുത്തവും വാശിയും കാരണം ഒടുവിൽ വിമാന സർവീസ് തന്നെ പൂർണ്ണമായും റദ്ദാക്കേണ്ടി വന്നു. വിമാനത്തിന്റെ വാതിലുകൾ അടച്ച്, വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും റൺവേയിലേക്ക് വിമാനം നീങ്ങിത്തുടങ്ങിയ നിർണ്ണായകമായ സമയത്താണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിമാനം ടേക്ക് ഓഫിനായി തയ്യാറെടുക്കുന്നതിനിടെ സീറ്റിൽ ഇരിക്കേണ്ട ഒരു ചെറിയ കുട്ടി എഴുന്നേറ്റു നിൽക്കുന്നതും സീറ്റ് ബെൽറ്റ് ഇടാൻ വിസമ്മതിക്കുന്നതും വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനയാത്രയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ജീവനക്കാർ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും ക്യാബിൻ ക്രൂ അംഗങ്ങളും ചേർന്ന് കുട്ടിയെ സമധാനിപ്പിച്ച് സീറ്റിലിരുത്താനും സീറ്റ് ബെൽറ്റ് ധരിപ്പിക്കാനും പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങാൻ തയ്യാറായില്ല. കുട്ടി വാശി തുടർന്നതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന അന്താരാഷ്ട്ര ഏവിയേഷൻ നിയമങ്ങൾ അനുസരിച്ച്, സുരക്ഷിതമല്ലാത്ത ഇത്തരം ഒരു സാഹചര്യത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യാൻ സാധിക്കില്ലെന്ന് പൈലറ്റ് വ്യക്തമായ നിലപാടെടുത്തു. തുടർന്ന് കുട്ടിയെയും കുടുംബത്തെയും വിമാനത്തിൽ നിന്നും പുറത്തിറക്കാൻ വിമാന അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിമാനം തിരികെ എത്തിച്ച്, ഈ കുടുംബത്തെയും അവരുടെ ഭാരമേറിയ ലഗേജുകളും പുറത്തെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇതിനൊപ്പം യാത്രക്കാരുടെ വിവരങ്ങൾ പുതുക്കുന്നതിനും പുതിയ ഫ്ലൈറ്റ് പ്ലാനുകൾ തയ്യാറാക്കുന്നതിനും വലിയ സമയതാമസം നേരിടേണ്ടി വന്നു.
ഈ നിയമനടപടിക്രമങ്ങളും സാങ്കേതിക ജോലികളും പൂർത്തിയായപ്പോഴേക്കും സമയം അർദ്ധരാത്രി പിന്നിട്ടിരുന്നു. ഇതിനിടയിൽ വിക്ടോറിയ വിമാനത്താവളത്തിലെ റൺവേ രാത്രികാല അടച്ചിടലിനായി തയാറായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ഇതോടെ മറ്റ് യാത്രക്കാരുമായി വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഒടുവിൽ യാത്ര പൂർണ്ണമായും റദ്ദാക്കാൻ വിമാനക്കമ്പനി നിർബന്ധിതരാവുകയായിരുന്നു. രാത്രിയിൽ മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാതെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
കുട്ടിയുടെ വാശി കാരണം യാത്ര മുടങ്ങിയ മറ്റ് യാത്രക്കാർക്കുണ്ടായ വലിയ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് അധികൃതർ പരസ്യമായി ക്ഷമാപണം നടത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി യാത്ര മുടങ്ങിയ യാത്രക്കാർക്കായി തൊട്ടടുത്ത ദിവസം തന്നെ ബദൽ വിമാന സർവീസ് ഏർപ്പാടാക്കി നൽകിയതായി എയർലൈൻസ് മാനേജ്‌മെന്റ് പിന്നീട് അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ സംഭവം.
