facebook

പുലർച്ചെ ഫോണിൽ മുഴങ്ങിയ മുന്നറിയിപ്പ് ആരുടേത് ? സൈലന്റിലായ ഫോണും മുഴങ്ങും: മൊബൈലിൽ വന്ന ‘സചേത്’ ദുരന്ത അലർട്ടിന് പിന്നിലെ രഹസ്യം

2 Min Read

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ നിരവധി പേരുടെ മൊബൈൽ ഫോണുകളിൽ അർധരാത്രിക്ക് ശേഷം അപ്രതീക്ഷിതമായി അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. ഫോൺ സൈലന്റ് മോഡിലായിരുന്നവർക്കും ശക്തമായ ശബ്ദത്തോടെയാണ് ഈ അലർട്ട് ലഭിച്ചത്. ഇത് ആരാണ് അയച്ചതെന്നും എങ്ങനെ ഫോണിലെത്തിയതെന്നുമുള്ള സംശയങ്ങൾ പലർക്കുമുണ്ടായി. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സമയബന്ധിതമായി ജാഗ്രതപ്പെടുത്താനാണ് ഇത്തരം അലർട്ടുകൾ നൽകുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

‘സചേത്’ എന്ന ദേശീയ മുന്നറിയിപ്പ് സംവിധാനം

ഈ മുന്നറിയിപ്പുകൾ കേന്ദ്ര സർക്കാരിന്റെ ദേശീയ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ ‘സചേത്’ വഴിയാണ് അയക്കുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ചേർന്നാണ് ഈ സംവിധാനം നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങൾ, അതിശക്തമായ മഴ, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകുകയാണ് ഇതിന്റെ ലക്ഷ്യം.

സൈലന്റിലായ ഫോണിലും അലർട്ട് എത്തും

സാധാരണ എസ്‌എം‌എസുകളിൽ നിന്ന് വ്യത്യസ്തമായി, ‘സചേത്’ അലർട്ട് ഫോൺ സൈലന്റ് മോഡിലോ ‘ഡു നോട്ട് ഡിസ്റ്റർബ്’ മോഡിലോ ആണെങ്കിലും ഉപയോക്താവിന്റെ ശ്രദ്ധയിൽപ്പെടുന്ന രീതിയിലാണ് എത്തുക. സന്ദേശം ലഭിക്കുമ്പോൾ പ്രത്യേക ശബ്ദത്തോടൊപ്പം സ്‌ക്രീനിൽ മുന്നറിയിപ്പും പ്രദർശിപ്പിക്കും. അതിനാൽ ഉറക്കത്തിലായവരെയോ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരെയോ പോലും അപകടസാധ്യതയെക്കുറിച്ച് ഉടൻ അറിയിക്കാൻ സാധിക്കുന്നു.

ബാധിത പ്രദേശങ്ങളിലേക്കു മാത്രമുള്ള മുന്നറിയിപ്പ്

‘ജിയോ ടാർഗറ്റിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ മൊബൈൽ ഫോണുകളിലേക്ക് മാത്രം മുന്നറിയിപ്പ് അയക്കുന്നത്. ഉദാഹരണത്തിന്, ഒരു ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ആ പ്രദേശത്തുള്ള ഉപയോക്താക്കൾക്കാണ് പ്രധാനമായും സന്ദേശം ലഭിക്കുക. നിരവധി ഇന്ത്യൻ ഭാഷകളിൽ മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിന് കഴിയും.

മുന്നറിയിപ്പ് എത്തുന്ന പ്രക്രിയ

കാലാവസ്ഥാ മുന്നറിയിപ്പോ മറ്റ് ദുരന്ത വിവരങ്ങളോ ബന്ധപ്പെട്ട ഏജൻസികൾ ആദ്യം തയ്യാറാക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുന്നു. ഫീൽഡിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സന്ദേശം സി-ഡോട്ട് വികസിപ്പിച്ച കേന്ദ്ര ഹബിലേക്ക് കൈമാറും. അവിടെ നിന്ന് ടെലികോം സേവനദാതാക്കളുടെ സംവിധാനങ്ങളിലൂടെ ബാധിത പ്രദേശങ്ങളിലെ മൊബൈൽ ഫോണുകളിലേക്ക് അലർട്ട് എത്തിക്കുന്നു. ഫോൺകോൾ നടത്തുകയോ വാട്സ്ആപ്പ് ഉപയോഗിക്കുകയോ ചെയ്തുകൊണ്ടിരിക്കുമ്പോഴും അടിയന്തര സന്ദേശം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഭാവിയിൽ ടിവിയിലും മുന്നറിയിപ്പ്

നിലവിൽ മൊബൈൽ ഫോണുകളിലൂടെയാണ് ‘സചേത്’ മുന്നറിയിപ്പുകൾ എത്തുന്നത്. എന്നാൽ അടുത്ത ഘട്ടത്തിൽ ടെലിവിഷൻ സംപ്രേഷണം തടസ്സപ്പെടുത്തി അടിയന്തര മുന്നറിയിപ്പ് പ്രദർശിപ്പിക്കുന്ന സംവിധാനവും നടപ്പാക്കാനാണ് പദ്ധതി. അതുപോലെ, അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോകുന്ന ടാങ്കർ അപകടത്തിൽപ്പെടുന്നതുപോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ ആ പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് മാത്രമായി കൃത്യമായ മുന്നറിയിപ്പ് നൽകാനും ഈ സംവിധാനത്തിന് സാധിക്കും. ദുരന്തസമയങ്ങളിൽ ജീവൻ രക്ഷിക്കാൻ സാങ്കേതികവിദ്യയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

Share This Article