പി.സി. ജോർജിൻ്റെ പൂഞ്ഞാറിലെ വീട്ടിലും ഭാര്യയുടെ വ്യാപാര സ്ഥാപനത്തിലും കനത്ത മഴയെ തുടർന്ന് വെള്ളം കയറി. വീടിനും സ്ഥാപനത്തിനും ആകെ 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബിജെപി ദേശീയ നിർവാഹകസമിതി അംഗമായ പി.സി. ജോർജ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി ജനജീവിതം സ്തംഭിച്ചു.
വീടിനുള്ളിൽ മൂന്നരയടി വെള്ളം
പി.സി. ജോർജ് പറഞ്ഞതനുസരിച്ച്, പുലർച്ചെ രണ്ടുമണിയോടെ അയൽവാസിയായ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ വിവരം അറിയിച്ചതോടെയാണ് വീട്ടിലേക്ക് വെള്ളം കയറുന്ന കാര്യം മനസ്സിലാക്കിയത്.
തുടർന്ന് രണ്ടരയോടെയോടെ വെള്ളം വീടിനകത്തേക്ക് പ്രവേശിക്കുകയും മൂന്നരയടി വരെ ഉയരുകയും ചെയ്തു. അന്ന് വീട്ടിൽ പി.സി. ജോർജ്, ഭാര്യ ഉഷ, മകൻ ഷെയ്ന് എന്നിവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് എല്ലാവരും വീടിന്റെ മുകളിലെ നിലയിലേക്ക് മാറുകയായിരുന്നു.
വീട്ടുപകരണങ്ങളും വാഹനങ്ങളും നശിച്ചു
വെള്ളം കയറിയതോടെ ഫ്രിഡ്ജുകൾ, ടെലിവിഷൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി വീട്ടുപകരണങ്ങൾ നശിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറിയതായും വ്യക്തമാക്കി.
വീട്ടിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഭാര്യയുടെ സ്ഥാപനത്തിലും വൻ നഷ്ടം
പൂഞ്ഞാറിൽ ഭാര്യ ഉഷ നടത്തുന്ന സ്ഥാപനത്തിലും വെള്ളം കയറിയതോടെ വിലകൂടിയ സാരികൾ ഉൾപ്പെടെയുള്ള സ്റ്റോക്ക് നശിച്ചതായി പി.സി. ജോർജ് പറഞ്ഞു.
സ്ഥാപനത്തിൽ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. എന്നാൽ, തനിക്കാളും വലിയ നഷ്ടം നേരിട്ട നിരവധി കുടുംബങ്ങൾ ഉണ്ടെന്നും അതിനിടയിൽ സ്വന്തം നഷ്ടം വലിയ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂഞ്ഞാറിൽ 213 മില്ലീമീറ്റർ മഴ
അധികൃതരുടെ കണക്കുകൾ പ്രകാരം പൂഞ്ഞാർ മേഖലയിൽ കഴിഞ്ഞ ദിവസം 213 മില്ലീമീറ്റർ വരെ മഴ ലഭിച്ചു. അർധരാത്രിയോടെ വെള്ളം ഉയരാൻ തുടങ്ങിയതോടെ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പാലാ ഭാഗത്തേക്കുള്ള റോഡുകളുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
