facebook

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഒന്നാം റാങ്കിനായി വൻ ഗൂഢാലോചനയെന്ന് ക്രൈംബ്രാഞ്ച്

2 Min Read

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയുടെ പരീക്ഷയിൽ ഒന്നാം റാങ്ക് ഉറപ്പാക്കാൻ കേട്ടുകേൾവിയില്ലാത്ത അട്ടിമറിയാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച്. പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ ഇടപെടലിന്റെയും പങ്കുള്ള ഗൂഢാലോചന നടന്നതായും കോഴ ഇടപാടും സംശയിക്കുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.

മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾ ഒഴിവാക്കിയെന്ന് കണ്ടെത്തൽ

അന്വേഷണപ്രകാരം, ജല അതോറിറ്റിയിലെ സി.പി.എം സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിക്കാൻ അദ്ദേഹം എഴുതാതിരുന്ന നാല് ചോദ്യങ്ങളും തെറ്റിച്ച ആറ് ചോദ്യങ്ങളും ഉൾപ്പെടെ ആകെ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിന് കൈമാറിയില്ല. ഇതോടെ ആ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമെഴുതിയ മറ്റ് ഉദ്യോഗാർഥികൾക്കും മാർക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ് കണ്ടെത്തൽ.

എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ നിലവിലെ രണ്ടാം റാങ്കുകാരനേക്കാൾ 53 മാർക്ക് പിന്നിലാകുമായിരുന്നു ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിയെന്നും, ചുരുക്കപ്പട്ടികയിൽ പോലും ഇടം നേടാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

58 മാർക്കിന്റെ ഉത്തരങ്ങൾ വിലയിരുത്തിയില്ല

പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ആദ്യ പേപ്പറിലെ 9 മുതൽ 18 വരെ ചോദ്യങ്ങൾ ഓൺസ്ക്രീൻ മൂല്യനിർണയത്തിനായി കൈമാറാതിരുന്നതിനാൽ 58 മാർക്കിന്റെ ഉത്തരങ്ങൾ വിലയിരുത്തപ്പെട്ടില്ലെന്നാണ് കേസ്.

ഇതേ പ്രശ്നം കാരണം 228-ലധികം ഉദ്യോഗാർഥികൾക്കും ഈ ചോദ്യങ്ങൾക്ക് മാർക്ക് ലഭിച്ചില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഉത്തരക്കടലാസ് ലഭിച്ചത് നിയമനത്തിന് ഒരു വർഷത്തിന് ശേഷം

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ മുഹമ്മ സ്വദേശിയായ ഉദ്യോഗാർഥി വി.എസ്. ജയലാൽ ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനം നടന്നതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പകർപ്പ് ലഭിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് 28 ചോദ്യങ്ങളിൽ 18 എണ്ണത്തിന് മാത്രമാണ് മാർക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമായത്.

പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നോട്ടീസ്

അന്വേഷണത്തിന്റെ ഭാഗമായി പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനും അഭിമുഖ ബോർഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങൾക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുമെന്ന് അറിയിച്ചു.

അഭിമുഖത്തിൽ ഒന്നാം റാങ്കുകാരന് 40ൽ 36 മാർക്ക് ലഭിച്ചപ്പോൾ രണ്ടാം റാങ്കുകാരന് 11 മാർക്ക് മാത്രമാണ് ലഭിച്ചതെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. ഇവർ പ്രതികളാകാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നു. കമ്പ്യൂട്ടറുകളിലെ ലോഗുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൈക്കൂലി ഇടപാട് സംബന്ധിച്ചും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

90 പരാതികൾ; അന്വേഷണം വിപുലീകരിക്കും

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 90 പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കൂടുതൽ ഡിവൈ.എസ്.പി.മാരെയും ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഐ.ജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണം നിലവിൽ നിലച്ചിരിക്കുകയാണ്.

Share This Article