facebook

അയർലൻഡിൽ ഇ-സ്കൂട്ടർ യാത്രയ്ക്ക് കർശന നിയന്ത്രണം; പുതിയ നിയമങ്ങൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

2 Min Read

ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി അയർലണ്ട് സർക്കാർ. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഇ-സ്കൂട്ടർ ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 16ൽ നിന്ന് 18 വയസായി ഉയർത്തും. ഇതോടൊപ്പം ഹെൽമറ്റും ഹൈ-വിഷിബിലിറ്റി (ഹൈ-വിസ്) സുരക്ഷാ വസ്ത്രവും ധരിക്കുന്നത് നിർബന്ധമാക്കും.

റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഗതാഗത വകുപ്പ് നിയമഭേദഗതികൾ കൊണ്ടുവരുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കും

നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനും സർക്കാർ ഒരുങ്ങുകയാണ്. ഇ-സ്കൂട്ടറുകൾക്ക് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവ നിർബന്ധമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

വർഷാവസാനത്തോടെ ലൈസൻസ് നിർബന്ധമാക്കുന്ന നിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇ-സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിലൂടെ വാഹനം ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

ആശുപത്രി കണക്കുകൾ ആശങ്ക ഉയർത്തുന്നു

ഗതാഗത മന്ത്രി ദാരാ ഒ’ബ്രയന്റെ കണക്കുകൾ പ്രകാരം, ആശുപത്രികളിൽ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എത്തുന്നവരിൽ 64 ശതമാനം കേസുകളും ഇ-സ്കൂട്ടർ അപകടങ്ങളുമായി ബന്ധപ്പെട്ടതാണ്. കുട്ടികളിൽ 93 ശതമാനവും ഹെൽമറ്റ് ധരിക്കാതെയാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ സുരക്ഷാ ബോധവൽക്കരണം ശക്തമാക്കുന്നതിനൊപ്പം നിയമങ്ങളും കർശനമാക്കേണ്ടത് അനിവാര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സർക്കാർ

കുട്ടികൾക്ക് ഇ-സ്കൂട്ടർ വാങ്ങി നൽകുന്നതിൽ മാതാപിതാക്കൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് ഗതാഗത മന്ത്രി ദാരാ ഒ’ബ്രയാനും റോഡ് സുരക്ഷാ ജൂനിയർ മന്ത്രി സീൻ കാനിയും അഭ്യർഥിച്ചു. പ്രായപരിധി പാലിക്കാതെ കുട്ടികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകി.

റോഡ് സുരക്ഷ ഉറപ്പാക്കാൻ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സഹകരണം അനിവാര്യമാണെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു.

ഇൻഷുറൻസ് ചട്ടങ്ങൾ ഉടൻ പ്രഖ്യാപിക്കും

ഇ-സ്കൂട്ടറുകൾക്കായുള്ള ഇൻഷുറൻസ് ചട്ടങ്ങളുടെ വിശദാംശങ്ങൾ അടുത്ത ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും സെപ്റ്റംബറോടെ അവ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് പദ്ധതിയെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ലൈസൻസിംഗ്, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച് റോഡ് സേഫ്റ്റി അതോറിറ്റിയുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോഴും ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് അനാവശ്യ സാമ്പത്തികഭാരം സൃഷ്ടിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രിമാർ വ്യക്തമാക്കി.

Share This Article